തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്‌ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മാര്‍ച്ച് 17ന് രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ചികിത്സയില്‍ നിന്നും മാറി നിന്നാണ് മെഡിക്കല്‍ വിഭാഗം സമരം നടത്തുക. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ഡോക്‌ടര്‍മാര്‍ സമരത്തില്‍ പങ്കാളികളാകും.
ഐ എം എയുടെ നേതൃത്വത്തിൽ നടത്തുന്ന പണിമുടക്ക് സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനത്തെ സാരമായി തന്നെ ബാധിക്കും. അടിയന്തര വിഭാഗം, ലേബര്‍ റൂം എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡോക്‌ടര്‍മാര്‍ക്കെതിരായ അതിക്രമവും ഇത്തരം സംഭവങ്ങളിലെ പ്രതികളെ പിടികൂടാത്തതും ഉന്നയിച്ചാണ് സമരം ചെയ്യുന്നത്.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ അക്രമിച്ച സംഭവത്തിലെ മുഴുവൻ പ്രതികളെയും ഒരാഴ്‌ച പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ഐ എം എ ഉപരോധ സമരം അടക്കം നടത്തിയിരുന്നു. തുടർന്നും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ചു ദിവസത്തില്‍ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവില്‍ ആശുപത്രി അക്രമങ്ങള്‍ നടക്കുന്നതെന്നും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ 200-ലേറെ ആശുപത്രി അക്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ടെന്നും ഐ എം എ ആരോപിക്കുന്നു. എന്നാല്‍ ഒന്നിലും കൃത്യമായ നടപടി ഉണ്ടാകുന്നില്ല. ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്‍റ് ഡോക്‌ടർ സുൽഫി നൂഹ്, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ അറിയിച്ചു.
കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്‌ടര്‍ക്കെതിരെ നടന്ന കൊലപാതകശ്രമം ഞെട്ടിപ്പിക്കുന്നതാണ്. പൊലീസിന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന ആക്രമണം കഴിഞ്ഞ് ഒരാഴ്‌ച കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. കോടതികള്‍ നല്‍കിയ നിര്‍ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതില്‍ ഡോക്‌ടര്‍മാര്‍ക്ക് ആശങ്കയുണ്ടെന്നും സുല്‍ഫി നൂഹ് വ്യക്തമാക്കി. ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ച് പുതിയ രീതിയില്‍ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ തീരുമാനത്തെ ഐ എം എ സ്വാഗതം ചെയ്‌തിട്ടുണ്ട്.
ALSO READ: കോഴിക്കോട് ഡോക്‌ടറെ മര്‍ദിച്ച സംഭവം; രോഗിയുടെ ബന്ധുവായ ഒരാള്‍ കൂടി അറസ്റ്റില്‍
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗം വിഭാഗം ഡോക്‌ടറായ പി കെ അശോകനെ രോഗിയുടെ ബന്ധുക്കളാണ് അക്രമിച്ചത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ സ്‌കാനിങ് റിപ്പോർട്ട് നൽകാൻ വൈകിയെന്നാരോപണത്തിന് പിന്നാലെയാണ് ഡോക്‌ടർക്ക് മർദനമേറ്റത്. ഫെബ്രുവരി അഞ്ചിന് നടന്ന സംഭവത്തിൽ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.
ഐ എം എ ഉന്നയിക്കുന്ന ആവശ്യങ്ങള്‍:
1. കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്‌ടറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക.
2. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.
3. ആശുപത്രി ആക്രമണങ്ങളെക്കുറിച്ച് ഹൈക്കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുക.
4. ഫാത്തിമ ആശുപത്രിയില്‍ ആക്രമണം നടന്നപ്പോള്‍ പ്രതികള്‍ രക്ഷിക്കപ്പെടുവാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുക.
5. പ്രതിഷേധ സമരം നടത്തിയ ഡോക്‌ടര്‍മാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക.