തിരുവനന്തപുരം : അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ എന്‍ഒസി നല്‍കിയതായും വൈദ്യതി മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി നിയമസഭയില്‍.
കെ എസ്.ഇ.ബിയ്ക്കാണ് 2020ല്‍ സര്‍ക്കാര്‍ എന്‍ഒസി നല്‍കിയിട്ടുളളത്. ഏറെ എതിര്‍പ്പുകള്‍ ഉയര്‍ന്ന പദ്ധതിയാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതി. പരിസ്ഥിതി പ്രവര്‍ത്തകരടക്കം പദ്ധതിക്ക് എതിരാണ്. ഇതാണ് ഉപേക്ഷിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി സഭയെ അറിയിച്ചു.
Also Read: പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
പദ്ധതിക്ക് ഏഴ് വര്‍ഷത്തെ എന്‍ഒസിയാണ് ലഭിച്ചിട്ടുള്ളത്. അതിനിടയില്‍ പദ്ധതി ആരംഭിച്ചില്ലെങ്കില്‍ വനംവകുപ്പിന് ബോര്‍ഡ് നല്‍കിയ 5.6 കോടി രൂപ തിരികെ ലഭിക്കും. കല്‍ക്കരി ക്ഷാമം അടക്കമുള്ള പ്രതിസന്ധികളുടെ സാഹചര്യത്തില്‍ ജലവൈദ്യുത പദ്ധതികളാണ് നല്ലതെന്നാണ് വകുപ്പിന്‍റെ നിലപാട്.
അതിരപ്പിള്ളി പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കാതെ സമവായം ഉണ്ടാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് വൈദ്യുതി ബോര്‍ഡിന്‍റെ തീരുമാനം. അതിരപ്പിള്ളി പദ്ധതിക്കുള്ള പാരിസ്ഥിതിക, സാങ്കേതിക, സാമ്പത്തിക അനുമതികളുടെ കാലാവധി 2019 മെയിൽ അവസാനിച്ചിരുന്നു.