തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി പി.കെ. ശ്രീവത്സ കുമാറിനെ ഒഴിവാക്കി. സിപിഎം അറിയാതെ നടത്തിയ നിയമനമായതിനാലാണ് ശ്രീവത്സ കുമാറിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഈ മാസമാണ് ശ്രീവത്സ കുമാറിനെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.
കഴിഞ്ഞ മന്ത്രിസഭയില്‍ കടകംപള്ളി സുരേന്ദ്രന്‍റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ശ്രീവത്സ കുമാര്‍ അംഗമായിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ മറികടന്ന് മറ്റൊരു വകുപ്പിലെ കാര്യങ്ങളില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.
Also Read: ഗുഡ് സര്‍വ്വിസ് എന്‍ട്രി; ഒ.ജി ശാലിനിയുടെ അപേക്ഷയില്‍ നടപടി
ഇക്കാര്യങ്ങളില്‍ ആവശ്യമായ പരിശോധന നടത്താതെയാണ് നിയമനമെന്നുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ ജാഗ്രതയോടെയാണ് സിപിഎം തീരുമാനമെടുക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് സിപിഎം ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.
ഘടകകക്ഷികളുടെ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെ സംബന്ധിച്ചും സിപിഎം പരിശോധന നടത്തുന്നുണ്ട്. കര്‍ശനമായ പരിശോധന നടക്കുന്നതിനാല്‍ അധികാരത്തിലേറി രണ്ട് മാസമായിട്ടും പല മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.