തിരുവനന്തപുരം : നിയമസഭ കൈയ്യാങ്കളി കേസില്‍ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കോടതിയിൽ.
കേസില്‍ നീതിപൂര്‍വകമായ നടപടികൾ ഉണ്ടാവണമെങ്കില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂഷനെ ചുമതലപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം നൽകിയ ഹർജിയില്‍ പറയുന്നു.
നേരത്തെ, കൈയ്യാങ്കളി കേസിൽ കക്ഷി ചേർക്കണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തല, ബി.ജെ.പി അനുകൂല അഭിഭാഷക സംഘടന എന്നിവർ നൽകിയ ഹർജിയില്‍ കോടതി വാദം കേട്ടു.
ഈ ഹർജികളിലെ വിധി സെപ്‌റ്റംബര്‍ ആറിനാണ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഇതിനുശേഷമേ, വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഇടതുനേതാക്കൾ നൽകിയ വിടുതൽ ഹർജിയിലെ വാദം കോടതി പരിഗണിക്കുകയുള്ളൂ.
കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍, കേസിലെ മുഴുവൻ പ്രതികളും വിചാരണ നേരിടും.
ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ, വി. ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.