തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോൺഗ്രസ് . കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ ഹൈക്കമാൻഡ് ചർച്ചക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ചർച്ച നടക്കുക. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരുമായി നേതാക്കൾ ചർച്ച നടത്തും. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ, സ്ഥാനാർഥി നിർണയം, ഡിസിസികളുടെ പുനസംഘടന ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ ഗോവ മുഖ്യമന്ത്രി ലുസിഞ്ഞോ ഫെലീറോ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവർ 22, 23 തീയതികളിൽ കേരളത്തിൽ എത്തും. വിവിധ തലങ്ങളിലുള്ളവരുമായി സംഘം ചർച്ച നടത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്ന സംഘം പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിരീക്ഷക സംഘം അടിക്കടി സംസ്ഥാനത്ത് എത്തും.നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിന് ഉൾപ്പടെ സംഘം മേൽനോട്ടം വഹിക്കും.