തിരുവനന്തപുരം : മൂന്ന് തവണ കൈപ്പിടിയിലാകാതെ വഴുതിപ്പോയിട്ടും നിരവധി പ്രതിസന്ധികൾ തടസമായി വന്നിട്ടും തളരാതെ കരിക്കകം സ്വദേശിനി അശ്വതി പൊരുതി നേടിയത് 15 വർഷമായി സ്വപ്നം കാണുന്ന സിവിൽ സർവീസ്.
ആദ്യ മൂന്ന് ശ്രമങ്ങളിലും പ്രാഥമിക ഘട്ടം കടക്കാൻ കഴിയാതിരുന്നിട്ടും നാലാം തവണ വിജയം കൈവരിക്കാൻ കഴിഞ്ഞത് അശ്വതിയുടെ പോരാട്ട വീര്യവും കഠിനാധ്വാനവും മൂലമാണ്.
കരിക്കകത്ത് സർക്കാർ നൽകിയ രണ്ട് സെന്‍റിലെ വീട്ടിൽ നിന്നാണ് അശ്വതിയുടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്കുള്ള യാത്ര. നിർമാണ തൊഴിലാളിയായ പ്രേമ കുമാറിന്‍റെയും ശ്രീലതയുടെയും മകളാണ് അശ്വതി.
Also Read: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച് വിഎം സുധീരന്‍
മലയാളത്തിലാണ് അശ്വതി പരീക്ഷയെഴുതിയത്. സ്‌കൂൾ തലത്തിൽ കാവ്യകേളി മത്സരത്തിൽ പങ്കെടുത്തതിന്‍റെ പരിചയവും അറിവും മലയാളത്തിൽ പരീക്ഷയെഴുതാൻ ആത്മവിശ്വാസം നൽകി.
ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്ന അമ്മാവനാണ് മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ വിജയകഥകൾ പറഞ്ഞ് സിവിൽ സർവീസ് മോഹത്തിന് വിത്തിട്ടത്. പരിശീലനത്തിന് പണമില്ലാതെ വന്നപ്പോൾ കൂട്ടുകാരും ബന്ധുക്കളുമെല്ലാം സഹായിച്ചു.
ആത്മവിശ്വാസവും അധ്വാനവും കൈമുതലാക്കി താൻ നേടിയ വിജയം സാധാരണക്കാരായ നിരവധി കുട്ടികൾക്ക് പ്രചോദനമാകട്ടെയെന്നാണ് അശ്വതിയുടെ ആഗ്രഹം.