തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥനെ അറസ്റ്റ് ചെയ്‌ത സംഭവം നിയമസഭയുടെ ശൂന്യവേളയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷ തന്ത്രം പാളി. 1988ലെ റൂളിങ് പ്രകാരം ഇന്ത്യയിലെ ഏതെങ്കിലും കോടതികളിൽ വിചാരണയിലുള്ള ഒരു പ്രശ്‌നം നിയമസഭയിൽ ഉന്നയിക്കാൻ പാടില്ല. അതുകൊണ്ട് പ്രമേയത്തിന് അവതരണാനുമതി നൽകരുതെന്ന നിയമ മന്ത്രി പി. രാജീവിന്‍റെ ആവശ്യം ഡെപ്യൂട്ടി സ്‌പീക്കർ അംഗീകരിച്ചതാണ് പ്രതിപക്ഷത്തിന് തിരിച്ചടിയായത്.
ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. ശബരീനാഥൻ്റെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കി സ്വർണക്കടത്ത് വിഷയം ഒരിക്കൽ കൂടി സഭയിലുയർത്താനായിരുന്നു പ്രതിപക്ഷ തന്ത്രം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് കൂടിയായ ഷാഫി പറമ്പിലാണ് അടിയന്തിര പ്രമേയ നോട്ടിസ് നൽകിയത്.
സഭയിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനുള്ള പ്രതിപക്ഷ നീക്കം തിരിച്ചറിഞ്ഞ നിയമ മന്ത്രി പി. രാജീവ് കോടതി പരിഗണനയിലുള്ള വിഷയത്തിന് അനുമതി നൽകരുതെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിനോട് ആവശ്യപ്പെട്ടു.
ALSO READ: കെഎസ് ശബരിനാഥന് ജാമ്യം, തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം
എന്നാൽ സോളാർ, ബാർ കോഴ വിഷയങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കെ നിരവധി തവണ സഭയിൽ ചർച്ച ചെയ്‌ത കീഴ്‌വഴക്കം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയെങ്കിലും ഡെപ്യൂട്ടി സ്‌പീക്കർ വഴങ്ങിയില്ല. മുഖ്യമന്ത്രിക്കുനേരെ ചോദ്യങ്ങളുയരുമ്പോൾ ഭരണപക്ഷം ഒളിച്ചോടുകയാണെന്നാരോപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയത്.