കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്‌ണനെ യൂത്ത് കോൺഗ്രസിന്‍റെ ദേശീയ ചുമതലയുള സംസ്ഥാന വ്യക്താവായി നിയമിച്ചു . ഡിസിസി ഭാരവാഹിത്വത്തിൽ അടക്കം തഴയപ്പെട്ട തിരുവഞ്ചൂരിനെ അനുനയിപ്പിക്കാനാണ് മകന് പാർട്ടിയിൽ പദവി നൽകിയതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
അർജുൻ രാധാകൃഷ്‌ണനെ നിയമിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയതോടെ കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ തന്നെ സമ്പൂർണമായി അവഗണിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്‌ണന് കടുത്ത അമർഷമുണ്ടായിരുന്നു.
പരസ്യമായി തന്നെ തിരുവഞ്ചൂർ ഈ അമർഷം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തന്നോട് അഭിപ്രായം പോലും ചോദിക്കാതെയാണ് ഡിസിസി ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയതെന്നും, സ്വന്തം ജില്ലയിൽ പോലും ഈ കാര്യത്തിൽ തന്നോട് അഭിപ്രായം ചോദിച്ചില്ലെന്നുമായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞിരുന്നത്.
ഈ വിമർശനവും അമർഷവും ശക്തമായി തുടരുന്നതിനിടെയാണ് ഇപ്പോൾ തിരുവഞ്ചൂരിന്‍റെ മകൻ അർജുൻ രാധാകൃഷ്‌ണനെ ദേശീയ തലത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കോട്ടയം നിയോജക മണ്ഡലം ലക്ഷ്യമിട്ടുള്ള നീക്കത്തിനാണ് തിരുവഞ്ചൂർ മകനെ മുൻ നിർത്തി കളിക്കുന്നതെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
also read: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സംതൃപ്‌തി ; കേരളം കൂടുതൽ തുറക്കാമെന്ന് ആരോഗ്യവിദഗ്‌ധർ
കടുത്ത എതിർപ്പ് പ്രകടിപ്പിച്ച തിരുവഞ്ചൂരിനെ മകന് സ്ഥാനം നൽകിയതിലൂടെ പാർട്ടിയും ഒതുക്കിയിരിക്കുകയാണ്.
ഇതോടെ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് പിന്നാലെ മറ്റൊരു നേതാവിന്‍റെ പുത്രൻ കൂടി ജില്ലയിലെ കോൺഗ്രസ് നേതൃ നിരയിലേയ്ക്ക് എത്തുകയാണ്.
ഈ സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ വലിയ പൊട്ടിത്തെറിയ്ക്കാണ് സാഹചര്യമൊരുങ്ങുന്നത്. ഇത് ജില്ലയിൽ കോൺഗ്രസ് പാർട്ടിയെ ഏതുവിധത്തിൽ ബാധിക്കുമെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.