തിരുവനന്തപുരം: വികസനത്തിൻ്റെ പേരിൽ സാധാരണക്കാരെ സർക്കാർ കുടിയൊഴിപ്പിക്കുന്നുവെന്ന വിമർശനവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. പുത്തൻ സാമ്പത്തിക നയങ്ങൾ ദരിദ്രരെ കൂടുതൽ ദരിദ്രരും സമ്പന്നരെ കൂടുതൽ സമ്പന്നരുമാക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.
'ഭരണകൂടം ജന മുന്നേറ്റത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് ഗോഡൗണുകളിൽ കഴിയേണ്ടി വരികയാണ്. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കുത്തകകൾക്കു വേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്', തോമസ് ജെ നെറ്റോ വിമർശിച്ചു. ദുഃഖവെള്ളി ദിനാചരണത്തിന്‍റെ ഭാഗമായി നല്‍കിയ സന്ദേശത്തിലാണ് ബിഷപ്പിന്‍റെ വിമർശനം.
കേന്ദ്ര സർക്കാരിനെ വിമർശിച്ച് സഹായമെത്രാൻ തോമസ് തറയിൽ: അതിനിടെ കേന്ദ്ര സർക്കാരിന് എതിരെ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലും രംഗത്ത് എത്തി. നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി)ന്‍റെ പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്‌തകത്തിൽ നിന്ന് മുഗൾ രാജവംശത്തെ കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിയ സംഭവത്തിലായിരുന്നു തോമസ് തറയിലിൻ്റെ വിമർശനം. ചരിത്ര പാഠപുസ്‌തകങ്ങൾ മാറ്റിമറിക്കപ്പെടുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ ചൂഷക ശക്തികൾ തെറ്റിദ്ധരിപ്പിക്കുകയാണ്. അസത്യ പ്രചാരണത്തിലൂടെ സത്യാനന്തര ലോകം സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യായാധിപന്മാർ പീലാത്തോസിനെ പോലെയെന്ന് ജോർജ് ആലഞ്ചേരി: ദുഃഖവെള്ളി സന്ദേശത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. ചില ന്യായാധിപന്മാർ പീലാത്തോസിനെ പോലെ പ്രീതി നേടാൻ ശ്രമിക്കുകയാണ്. ഇത്തരം അന്യായ വിധികൾ മാധ്യമ പ്രീതിക്കോ ജനപ്രീതിക്കോ വേണ്ടി ആകാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതുമല്ലെങ്കിൽ ഇത്തരം അന്യായവിധികൾ ജുഡീഷ്യൽ ആക്‌ടിവിസം ആകാമെന്നും അദ്ദേഹം പറഞ്ഞു. ഇത് അരുതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.
പീലാത്തോസ് വിധിയിൽ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാം എന്നാണ്. ഇന്നത്തെ ന്യായാധിപന്മാർക്ക് വിധികൾ എഴുതി നൽകുന്നു എന്നും കർദിനാൾ ജോർജ് ആലഞ്ചേരി കുറ്റപ്പെടുത്തി.