തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള പൊലീസ് ആക്‌ട് ഭേദഗതിക്ക് അംഗീകാരം. നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പുവച്ചു. സംസ്ഥാനത്ത് വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് പൊലീസ് ആക്‌ട് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിലവിലുള്ള പൊലീസ് ആക്‌ടില്‍ 118 എ വകുപ്പ് കൂടി കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമം ഉപയോഗിച്ച് കുറ്റകൃത്യം നടത്തുന്നവർക്ക് ഇനി അഞ്ച് വർഷം വരെ തടവും 10,000 രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
നിലവിലുള്ള വ്യവസ്ഥകൾ അപര്യാപ്‌തമാണെന്ന നിഗമനത്തെതുടര്‍ന്നാണ് പൊലീസ് ആക്‌ട് ഭേദഗതി ചെയ്‌തത്. ഇനിമുതൽ സൈബർ അധിക്ഷേപം നിയന്ത്രിക്കാൻ പൊലീസിന് കൂടുതൽ അധികാരം ലഭിക്കും. കൂടാതെ ഇത്തരം കേസുകളിൽ വാറണ്ടില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാനും പൊലീസിന് കഴിയും. 2000ലെ ഐടി ആക്‌ട് 66 എ വകുപ്പും 2011ലെ കേരള പൊലീസ് ആക്‌ട് 118 ഡി വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരമായി മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടില്ല. അതുകൊണ്ടുതന്നെ സൈബർ കുറ്റകൃത്യങ്ങളിലെ പൊലീസിന്‍റെ ഇടപെടലിന് പരിമിതി ഉണ്ടായിരുന്നു. ഇത് മറികടക്കാനാണ് പുതിയ ഭേദഗതി.