തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. പെയിന്‍റിംഗ് തൊഴിലാളിയായ കല്ലിയൂര്‍ സ്വദേശി പി.എസ് രതീഷാണ് എപ്ലാസ്റ്റിക് അനീമിയ എന്ന അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആറ് മാസം മുന്‍പ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മജ്ജയെ ബാധിക്കുന്ന രോഗം രതീഷിന് സ്ഥിരീകരിച്ചത്.
രോഗം ഇങ്ങനെ: മജ്ജയെയാണ് ഈ രോഗം ബാധിക്കുക. ശരീരത്തിലെ രക്താണുക്കളുടെ ഉത്പാദനം കുറയും. മജ്ജയിലെ സ്റ്റെം കോശങ്ങൾ നശിക്കുന്നതാണ് എപ്ലാസ്റ്റിക് അനീമിയക്ക് കാരണം. രോഗംമൂലം രക്തസ്രാവം, അപകടകരമായ അണുബാധ എന്നിവയും ഉണ്ടാകുന്നു.
പരിഹാരമുണ്ട് പക്ഷേ: മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് പരിഹാരം. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 20 ലക്ഷം രൂപ വേണം. ഈ ഭീമമായ തുക കണ്ടെത്താൻ പെയിൻ്റിംഗ് തൊഴിലാളിയായ ഈ യുവാവിന് നിവൃത്തിയില്ല. ജീവൻ നിലനിർത്താൻ നല്ല മനസ്സുള്ളവരുടെ സഹായം തേടുകയാണ് രതീഷിൻ്റെ കുടുംബം.
രക്താണുക്കളുടെ ഉൽപാദനം കുറഞ്ഞ് രക്തകോശങ്ങൾ കൂടുതലായി നശിക്കുന്ന അവസ്ഥയിലാണിപ്പോൾ. ആഴ്ചയിലൊരിക്കൽ ശരീരത്തിൽ രക്തവും പ്ലേറ്റ്‌ലെറ്റുകളും കയറ്റണം. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനുള്ള ഇൻജക്ഷനും എടുക്കണം. ഇതിനു മാത്രം ആഴ്ചയിൽ 7000 രൂപ കണ്ടെത്തണം. ഭാര്യ അശ്വതിയും രണ്ട് മക്കളും പ്രായമായ അമ്മയും അടങ്ങുന്ന രതീഷിൻ്റെ കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലുമപ്പുറമാണ്.
വേണ്ടത് സഹായം: കിടപ്പിലായതിനാൽ രതീഷിന് ജോലിക്ക് പോകാൻ കഴിയുന്നില്ല. കുടുംബത്തിൻ്റെ ഉപജീവനം മുടങ്ങി. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ദൈനംദിന, ചികിത്സാച്ചെലവുകൾ നടക്കുന്നത്. എത്രനാൾ ഇങ്ങനെ തുടരാനാകുമെന്ന ആശങ്കയിലാണ് കുടുംബം. എത്രയും വേഗം ശസ്‌ത്രക്രിയ നടത്തണമെന്നാണ് ഡോക്‌ടർമാരുടെ നിർദേശം.