തിരുവനന്തപുരം: നിയമവിരുദ്ധമായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു(Antony Raju On Illegal Modification Of Vehicles). നിർത്തിയിടുന്ന വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി അനൂപ് ജേക്കബിന്‍റെ ചോദ്യത്തിനു നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ഇത്തരം സംഭവങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുകയും യഥാർഥ കാരണം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്‌ധന്മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വാഹന നിർമാതാക്കളുടെയും ഇൻഷുറൻസ് സർവെയർമാരുടെ പ്രതിനിധിമാരുടെയും ഡീലർമാരുടെയും അടിയന്തര യോഗം ചർച്ച ചെയ്‌തിരുന്നു.
മനുഷ്യ നിർമിതമായ കാരണങ്ങളും യന്ത്രതകരാറും ഇലക്‌ട്രിക് സർക്യൂട്ടിന്‍റെ പ്രശ്‌നവും മൂലമാണ് വാഹനങ്ങൾക്ക് തീപിടിക്കുന്നതെന്നാണ് കണ്ടെത്തൽ. ലോ വേരിയൻ്റ് വാഹനങ്ങളെ ഹൈ വേരിയന്‍റ് വാഹനങ്ങൾ ആക്കാൻ നടത്തുന്ന നിയമവിരുദ്ധമായ രൂപമാറ്റം ആണ് വാഹനങ്ങൾക്ക് തീ പിടിക്കാനുള്ള പ്രധാന കാരണം. ഇത്തരം നിയമവിരുദ്ധമായ രൂപമാറ്റം നിരുത്സാഹപ്പെടുത്തേണ്ടതും ഇവ ഘടിപ്പിക്കുന്ന സ്ഥാപനങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്.
വാഹനങ്ങളിൽ രൂപമാറ്റം നടത്തുന്ന സ്ഥാപനങ്ങൾ അത്തരം രൂപമാറ്റങ്ങൾ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും സംഭവിക്കുന്ന വീഴ്‌ചകൾക്ക് സ്ഥാപനം ഉത്തരവാദിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖ വാഹന ഉടമകൾ നൽകണമെന്ന നിബന്ധന ഉണ്ടാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ വാഹന ഉടമകളെ ബോധ്യപ്പെടുത്തുന്നതിന് ബോധവത്‌കരണം നടത്താൻ ഡീലർമാരെ ചുമതലപ്പെടുത്തും. വിഷയം സർക്കാർ ഗൗരവമായി പരിശോധിക്കും.
ഇത്തരം അപകടം ഉണ്ടാക്കുന്നതിന് ഇടയാക്കുന്ന കാരണങ്ങൾ പഠനം നടത്തി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ റോഡ് സുരക്ഷ കമ്മിഷണറുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച ഈ സമിതിയുടെ യോഗം ചേരും. സമിതി റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് വാഹന ഉപയോക്താക്കളുടെയും ജനങ്ങളുടെയും സുരക്ഷിതത്വത്തിനു വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
വാഹനത്തെയും എഞ്ചിനെയും തമ്മിൽ ഘടിപ്പിക്കുന്ന ഫ്യൂവൽ ലൈനിലെ റബർ ഹോസ് പലകാരണങ്ങളാൽ പ്രത്യേകിച്ച് മലയോര മേഖലകളിലെ പ്രത്യേക തരം വണ്ടുകൾ ഹോസ് തുറക്കാറുണ്ട്. ഇതുമൂലം ഉണ്ടാകുന്ന ഇന്ധന ചോർച്ചയും തീപിടിക്കുന്നതിന് കാരണമാകുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ടൂറിസ്റ്റ് ബസുകൾ രാത്രികാല യാത്രകൾ നടത്തുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇത്തരം പ്രവണതകൾക്കെതിരെ നിയമനിർമാണ നടത്തി, ഈ പ്രവണതകൾ സമൂഹത്തിൽ കുറയ്‌ക്കാനും ശ്രമിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി വാഹനങ്ങളിൽ മാറ്റം വരുത്തുന്നതിനെതിരെ ഗവൺമെന്‍റിന്‍റെ ഭാഗത്തു നിന്നു കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു.
നവംബർ ഒന്ന് മുതൽ കെഎസ്ആർടിസി ബസുകളിലും സ്വകാര്യ ബസുകളിലും ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് അടുത്തിടെ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം മന്ത്രി അറിയിച്ചത്. തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് പെനാൽറ്റി ഈടാക്കുമെന്നും ഗതാഗത മന്ത്രി.