തിരുവനന്തപുരം : ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം (Overuse of Antibiotics) തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്‌തല ആന്‍റി മൈക്രോബിയല്‍ റസിസ്‌റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള എസ്ഒപി പുറത്തിറക്കി കേരളം. ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികളുടെ (IMR Committees) രൂപീകരണം, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നിരീക്ഷണം എന്നിവ സംബന്ധിച്ച സമഗ്ര മാര്‍ഗരേഖയാണ് (Standard Operating Procedure) പുറത്തിറങ്ങിയത്. ആന്‍റിബയോട്ടിക് സാക്ഷരത (Antibiotic Literacy) കൈവരിക്കലാണ് ബ്ലോക്കുതല എഎംആര്‍ കമ്മിറ്റികളുടെ (Anti Microbial Resistance Committees) പ്രധാന പ്രവര്‍ത്തനം.
കമ്മിറ്റിയില്‍ ആരെല്ലാം: പ്രധാന സ്വകാര്യ ആശുപത്രികളെ കൂടി കാര്‍സാപ് (കേരള ആന്‍റി മൈക്രോബിയല്‍ റെസിസ്‌റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) നെറ്റ്‌വര്‍ക്കിന്‍റെ ഭാഗമാക്കാനും നീക്കം തുടങ്ങി. ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ചെയര്‍മാനായുള്ള ബ്ലോക്കുതല എഎംആര്‍ കമ്മിറ്റിയില്‍ ആരോഗ്യ വകുപ്പ്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, ഭക്ഷ്യസുരക്ഷ, മലിനീകരണ നിയന്ത്രണം തുടങ്ങിയ വകുപ്പുകളിലേയും ഐഎംഎ, ഐഎപി, എപിഐ, എഎഫ്‌പിഐ തുടങ്ങിയവയിലെയും പ്രതിനിധികളുണ്ടാകും.
എഎംആര്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം : ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ആന്‍റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗത്തെ കുറിച്ചും അണുബാധ നിയന്ത്രണ രീതികളെ കുറിച്ചും സാര്‍വത്രിക അവബോധം നല്‍കുക എന്നതാണ് ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികളുടെ പ്രധാന ലക്ഷ്യം. അംഗീകൃത മെഡിക്കല്‍ ഓഫിസറുടെ കുറിപ്പടിക്കനുസൃതമായി മാത്രം ആന്‍റിബയോട്ടിക്കുകള്‍ (Antibiotics) കഴിക്കുക, ആന്‍റിബയോട്ടിക് രഹിത ഭക്ഷണവും വെള്ളവും ലഭിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുക, ഉപയോഗിക്കാത്തതും കാലഹരണപ്പെട്ടതുമായ ആന്‍റിബയോട്ടിക്കുകള്‍, മരുന്നുകള്‍ എന്നിവ സുരക്ഷിതമായി നീക്കം ചെയ്യുക എന്നിവയില്‍ അവബോധം നല്‍കും.
ലക്ഷ്യം വിശാലം: പ്രാഥമികാരോഗ്യ കേന്ദ്രം (Primary Health Centre), കുടുംബാരോഗ്യ കേന്ദ്രം (Family Health Centre), ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം തുടങ്ങിയവയെ ആന്‍റിബയോട്ടിക് സ്‌മാര്‍ട്ട് ആശുപത്രികളാക്കാനും (Antibiotic Smart Hospitals) ലക്ഷ്യമിടുന്നുണ്ട്. ആന്‍റിബയോട്ടിക് സ്‌മാര്‍ട്ട് ആശുപത്രികളില്‍ എഎംആര്‍ അവബോധ പോസ്‌റ്ററുകള്‍ പ്രദര്‍ശിപ്പിക്കണം. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും പരിശീലനം നേടിയിരിക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്‍റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുകയും വേണം.
കുറിപ്പടി പ്രധാനം:ആന്‍റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം വിലയിരുത്തുന്നതിനും കുറയ്ക്കുന്നതിനും വേണ്ടി കുറിപ്പടികള്‍ ഓഡിറ്റ് ചെയ്യും. മാത്രമല്ല ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കാനും പോളിഫാര്‍മസി കുറയ്ക്കാനും സാധിക്കും. മൂന്ന് മാസത്തിലൊരിക്കല്‍ 100 കുറിപ്പടികളെങ്കിലും പരിശോധിക്കണം. എല്ലാ സ്ഥാപനങ്ങളിലും പ്രതിമാസം കുറഞ്ഞത് 50 കുറിപ്പടികള്‍ റാന്‍ഡമായും പരിശോധിക്കണം.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അംഗീകൃത ഡോക്‌ടറുടെ കുറിപ്പടിയില്‍ (Doctor's Prescription) മാത്രമേ ആന്‍റിബയോട്ടിക് നല്‍കുകയുള്ളൂ എന്ന ബോര്‍ഡ് എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ സ്‌റ്റോറുകളിലും പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.