തിരുവനന്തപുരം: ലഹരിക്കെതിരെ പോരാടാൻ ലഹരി വിരുദ്ധ ശൃംഖലയുമായി സംസ്ഥാന സർക്കാർ. ലഹരിക്കെതിരായ പ്രചരണത്തിന്‍റെ ഭാഗമായാണ് സർക്കാരിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിച്ചത്. വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ ലഹരി വിരുദ്ധ ചങ്ങലയിൽ പങ്കാളിയായി.
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദ്യാർഥികൾക്കൊപ്പം ശൃംഖലയിൽ പങ്കാളിയായി. ഒപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.
ലഹരിക്കെതിരായ ആദ്യഘട്ട പ്രചരണങ്ങളാണ് ഇപ്പോൾ ആരംഭിച്ചതെന്നും ഇതിന്‍റെ രണ്ടാംഘട്ടം ഉടൻ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്നെന്ന വിപത്തിനെ ഒഴിവാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്സൈസ് മന്ത്രി എംബി രാജേഷ് പ്രതീകാത്മകമായി ലഹരി വസ്‌തുക്കൾ കത്തിച്ചു.
വെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ മുതൽ കിഴക്കേകോട്ട ഗാന്ധി പാർക്ക് വരെയായിരുന്നു ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിച്ചത്. വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അടക്കമുള്ള കലാപരിപാടികളുമായി ശൃംഖലയിൽ സജീവമായി.