തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വേണ്ടിവന്നാൽ കോൺഗ്രസ് വിമോചന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍റെ പ്രസ്‌താവനക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ആന്‍റണി രാജു. വിമോചന സമരം നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നതെങ്കിൽ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് ആന്‍റണി രാജു പറഞ്ഞു.
വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോൺഗ്രസ് കരുതേണ്ട. തുടർ ഭരണത്തെ അട്ടിമറിക്കാൻ കോൺഗ്രസ് ബോധപൂർവം ശ്രമിക്കുകയാണെന്നും ആന്‍റണി രാജു ആരോപിച്ചു. പ്രതിപക്ഷം പറയുന്നതിന്‍റെ ദുരുദേശം ജനങ്ങൾക്ക് മനസിലാകും.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നിരവധി തവണ ചർച്ചകൾ നടത്തി. വിഴിഞ്ഞം പ്രശ്‌നത്തിൽ ചർച്ചയ്ക്കായി സർക്കാർ സദ സന്നദ്ധമാണ്. മുഖ്യമന്ത്രി ചർച്ച നടത്തിയ കാര്യങ്ങൾ പ്രതിപക്ഷ നേതാവിന് അറിയില്ല. മുഖ്യമന്ത്രി സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. അന്ന് നടത്തിയ ചർച്ചയിൽ സമരസമിതി നേതാക്കൾ സംതൃപ്‌തരായിട്ടാണ് മടങ്ങിയത്. മണിക്കൂറുകൾ ചർച്ചയ്ക്ക് വേണ്ടി മന്ത്രിമാർ കാത്തിരുന്നിട്ടുണ്ട്. എന്നിട്ടും ചർച്ചയ്ക്ക് വരാത്തത് ആരാണെന്നും മന്ത്രി ചോദിച്ചു. തന്‍റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണത്തിലും മന്ത്രി പ്രതികരിച്ചു.
ഈ ആരോപണത്തിൽ ബന്ധപ്പെട്ടവർ തന്നെ മറുപടി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. തന്‍റെ പേര് പറഞ്ഞ് ബോധപൂർവം തന്നെ ഉൾപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. ഫാദർ തിയഡോഷ്യസ് ഡിക്രൂസ് മന്ത്രി വി അബ്‌ദുറഹിമാനെതിരെ നടത്തിയ വിവാദ പരാമർശം തെറ്റാണെന്ന് അദ്ദേഹത്തിന് തന്നെ തോന്നി. വൈദികൻ ക്ഷമ പറഞ്ഞത് അത്രയും നല്ലത്. പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല ഇത്തരം പരാമർശങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
also read: 'അടിച്ചാല്‍ തിരിച്ചടിക്കും' 'വേണ്ടിവന്നാല്‍ വിമോചന സമരത്തിനിറങ്ങും': കെ സുധാകരന്‍