തിരുവനന്തപുരം: യുക്രൈനിലെ യുദ്ധ ഭൂമിയില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം വഴി ഇന്ന് കേരളത്തില്‍ എത്തിച്ചത് 418 വിദ്യാര്‍ഥികളെ. ഡല്‍ഹിയിലും മുംബൈയിലുമായി എത്തിയ വിദ്യാര്‍ഥികളെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് (04.03.2022) നാട്ടിലെത്തിക്കുകയായിരുന്നു.
ഡല്‍ഹിയില്‍നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനത്തില്‍ 180 പേരാണ് എത്തിയത്. രണ്ടാമതായി മുംബൈയില്‍ നിന്നും എത്തിയ വിമാനത്തില്‍ 58 പേര്‍ എത്തി. ഡല്‍ഹിയില്‍ നിന്നെത്തിയ മൂന്നാമത്തെ വിമാനം 180 യാത്രക്കാരുമായി രാത്രി 8.30ഓടെ കൊച്ചിയില്‍ എത്തി. ഇതോടെ ഇന്ന് സംസ്ഥാനത്ത് എത്തിയവരുടെ എണ്ണം 418 ആയി.
Also Read: മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടല്‍ ഫലം കണ്ടു; സൈറയുമായി ആര്യ ഇന്ന് നാടണയും
രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം സംസ്ഥാനത്ത് 1070 പേര്‍ എത്തി. യുക്രൈനില്‍ നിന്ന് കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മടങ്ങിയെത്തുന്നവര്‍ക്കു വിമാനത്താവളങ്ങളില്‍ നിന്ന് സ്വദേശങ്ങളിലേക്കു പോകാന്‍ നോര്‍ക്ക റൂട്ട്സിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ബസുകളും ഒരുക്കിയിട്ടുണ്ട്.