തിരുവനന്തപുരം: 'അനില്‍ ആന്‍റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ തലവനാക്കിയത് ആര്..?' - അനിലിന്‍റെ ബിജെപി കൂടുമാറ്റത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്ന പ്രധാന ചര്‍ച്ച ഇതാണ്. കെഎസ്‌യുവിലോ യൂത്ത് കോണ്‍ഗ്രസിലോ കോണ്‍ഗ്രസിന്‍റെ ഏതെങ്കിലും തലങ്ങളിലോ പ്രവര്‍ത്തിക്കാത്ത ഇദ്ദേഹം എല്ലാവരെയും ഞെട്ടിച്ചാണ് ഈ പദവിയില്‍ എത്തിയതെന്നും ചര്‍ച്ചകളില്‍ ഉയരുന്നു.
യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ല എന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. മകനെ സജീവ രാഷ്ട്രീയത്തിലിറക്കാന്‍ സാക്ഷാല്‍ എകെ ആന്‍റണി തന്നെ അണിയറയില്‍ ചരടുവലിച്ചുവെന്ന് ആരോപിക്കുന്നവരും കുറവല്ല. ഈ പദവിയിലേക്ക് എല്ലാ മാനദണ്ഡങ്ങളും മറികടന്ന് കയറിപ്പറ്റിയപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രത്യേകിച്ചും യൂത്ത് കോണ്‍ഗ്രസിലും കെഎസ്‌യുവിലും അന്ന് അതൃപ്‌തിയുടെ വേലിയേറ്റം തന്നെയുണ്ടായിരുന്നു. പക്ഷേ, അന്നും മൗനം എന്ന പതിവുതന്ത്രത്തില്‍ ആന്‍റണി ആ എതിര്‍പ്പുകളെ മറികടന്നു. ഇപ്പോള്‍ ബിജെപിയിലേക്ക് അനില്‍ എത്തുമ്പോള്‍ എന്തിന് അന്ന് ആ സ്ഥാനത്ത് അതുവരെയില്ലാത്ത പുതിയ പദവി സൃഷ്‌ടിച്ച് അവരോധിച്ചു എന്നൊരു ചോദ്യം ഉയരുന്നുണ്ട്.
'കെപിസിസി തലപ്പത്ത് ഇരുത്താനും നീക്കം നടന്നു..!': 2019ലാണ് അനില്‍, കെപിസിസി ഐടി സെല്‍ മേധാവിയാകുന്നത്. അന്ന് കെപിസിസി പ്രസിഡന്‍റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍കൈ എടുത്താണ് അനിലിനെ പദവിയില്‍ പ്രതിഷ്‌ഠിച്ചത്. പക്ഷേ, നിയമനത്തിന് പിന്നില്‍ മുല്ലപ്പള്ളിയല്ലെന്നും വാദമുയരുന്നുണ്ട്. 2019ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ എഐസിസി രൂപീകരിച്ച ഐടി വിഭാഗത്തിലുണ്ടായിരുന്നു അനില്‍. അതിലെ പ്രവര്‍ത്തനമികവ് കണ്ട് എഐസിസി നിര്‍ദേശിച്ചതുപ്രകാരമാണ് അദ്ദേഹത്തെ നിയമിച്ചതെന്നുമാണ് മുല്ലപ്പള്ളിയോട് അടുപ്പമുള്ളവര്‍ ഇപ്പോള്‍ വാദിക്കുന്നത്.
എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്‍റണിയും അന്ന് സ്ഥിരതാമസം ഡല്‍ഹിയിലായിരുന്നു. ആന്‍റണിയുടെ ഭാര്യ മുല്ലപ്പള്ളിയുടെ ഭാര്യയും സുഹൃത്തുക്കളായിരുന്നു. എന്ന് മാത്രമല്ല, എല്ലാ ദിവസവും ഇരുവരും ഒരുമിച്ചാണ് പ്രഭാത സവാരി നടത്തിയിരുന്നത്. ഈ ബന്ധത്തിലാണ് മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റായതും അനില്‍ ഐടി സെല്‍ മേധാവിയായതുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഒരു ഘട്ടത്തില്‍ അനിലിനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാനുള്ള നീക്കം പോലും അന്ന് ഉണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍, സംഘടനാപരിചയം തീരെയില്ലാത്ത ആളെ കെപിസിസി ഭാരവാഹിയാക്കുന്നതിനെ എഐസിസി നേതൃത്വം അംഗീകരിക്കാത്തതിനാല്‍ മുല്ലപ്പള്ളിയുടെ അന്നത്തെ നീക്കം പാളി. പിന്നീടാണ് ഐടി വിദഗ്‌ധന്‍ എന്ന നിലയില്‍ അനിലിനായി പ്രത്യേക പദവി സൃഷ്‌ടിച്ച് നിയമനം നടത്തിയത്. ഇതിനെല്ലാം ഉപരിയായി അന്ന് മുല്ലപ്പള്ളി പ്രസിഡന്‍റായിരുന്ന കമ്മിറ്റിയില്‍ എകെ ആന്‍റണിയുടെ ഭാര്യ എലിസബത്തിന്‍റെ ശുപാര്‍ശയില്‍ നാലുപേരെ കെപിസിസി ഭാരവാഹികളായി നിയമിച്ചുവെന്ന ഗുരുതരമായ ആരോപണവും ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. 2019 മുതല്‍ രാജി വയ്ക്കും വരെ അനില്‍ ആന്‍റണിയുടെ ഐടി ഇടപെടലുകള്‍ വട്ടപ്പൂജ്യമായിരുന്നു എന്ന കാര്യം ഇപ്പോള്‍ മുല്ലപ്പള്ളിയോട് അടുപ്പമുള്ളവര്‍ സമ്മതിക്കുന്നുണ്ട്.
'എകെ ആന്‍റണി നല്ലൊരു നടന്‍', വിടാതെ പരിഹാസം: അനില്‍ ബിജെപിയില്‍ ചേര്‍ന്നതിന്‍റെ അടുത്ത ദിവസവും കോണ്‍ഗ്രസിന്‍റെ സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ ആന്‍റണിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മകന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തള്ളിപ്പറഞ്ഞും കണ്ണീരണിഞ്ഞും വൈകാരികമായി എകെ ആന്‍റണി നടത്തിയ വാര്‍ത്താസമ്മേളനത്തെ നാടകമെന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്. 'പാര്‍ട്ടിക്കെതിരെ വന്ന മകനെ തള്ളിപ്പറഞ്ഞ പ്രായം തളര്‍ത്താത്ത പോരാളി'; എകെ ആന്‍റണിയുടെ ചിത്രത്തോടെ പ്രത്യക്ഷപ്പെട്ട ഒരു കോണ്‍ഗ്രസ് പോസ്റ്റിന് താഴെ വന്ന അഭിപ്രായങ്ങളിലധികവും ഇങ്ങനെയാണ്.
ഇതെന്‍റെ ആദ്യത്തെയും അവസാനത്തെയും അഭിപ്രായമെന്ന് പറഞ്ഞ് എല്ലാ ചോദ്യങ്ങളില്‍ നിന്നും ആന്‍റണി ഒളിച്ചോടിയെന്ന വിമര്‍ശനവും ഉയരുന്നു. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന പരിഹാസത്തിന് എകെ ആന്‍റണിയുടെ മകന്‍റെ ബിജെപി പ്രവേശം സിപിഎമ്മിനും കൂടുതല്‍ ഊര്‍ജം നല്‍കും. പ്രത്യേകിച്ചും ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ.