തിരുവനന്തപുരം: 'അനില്‍ കെ ആന്‍റണി പെസഹാദിന സായാഹ്നത്തില്‍ പറയുന്നതും ചെയ്യുന്നതും കാലം വിലയിരുത്തട്ടെ' - എകെ ആന്‍റണിയുടെ മകന്‍ കോണ്‍ഗ്രസ് വിട്ടതിനുപിന്നാലെ മുന്‍ എംഎല്‍എയും നിരവധി വര്‍ഷം തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമൊക്കെയായിരുന്ന ഡോ. കെ മോഹന്‍കുമാര്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു. പിതാവിന്‍റെ നിഴലായി രാഷ്ട്രീയത്തിലേക്ക് വന്നയാളല്ല എകെ ആന്‍റണി. മകന്‍റെ സംരക്ഷകനോ സ്‌പോണ്‍സറോ ആയി തരം താഴ്ന്നിട്ടുമില്ലെന്ന് പറഞ്ഞ് എകെ ആന്‍റണിക്ക് സംരക്ഷണ കവചം കൂടി തീര്‍ക്കാന്‍ കെ മോഹന്‍കുമാര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ ശ്രദ്ധിച്ചിട്ടുമുണ്ട്.
അനില്‍ ആന്‍റണിയുടെ നടപടിയെ അന്ത്യ അത്താഴദിനത്തിലെ യൂദാസിന്‍റെ നടപടിയോട് ഉപമിച്ചാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാക്കുന്നത്. അതേസമയം ഇതിന്‍റെ പേരില്‍ ആന്‍റണിയെ കടന്നാക്രമിക്കാതിരിക്കാനും അദ്ദേഹത്തെ ന്യായീകരിക്കാനുമാണ് നേതാക്കളില്‍ പലരും ശ്രദ്ധിക്കുന്നത്. എന്നാല്‍, സാധാരണ പ്രവര്‍ത്തകര്‍ നടത്തുന്ന ചില സാമ്യൂഹ്യ മാധ്യമ പോസ്‌റ്റുകളില്‍ ആന്‍റണിയെ കടന്നാക്രമിക്കുന്നുമുണ്ട്. സ്വന്തം വീടിനുള്ളില്‍ പോലും കോണ്‍ഗ്രസ് രാഷ്ട്രീയം മനസിലാക്കിക്കൊടുക്കാന്‍ ശ്രമിക്കാത്ത എകെ ആന്‍റണി കോണ്‍ഗ്രസിന് അപമാനവും വന്‍പരാജയവുമാണ് എന്നാണ് രാഷ്ട്രീയത്തില്‍ നിന്ന് റിട്ടയര്‍മെന്‍റിലേക്ക് കടന്ന മുതിര്‍ന്ന നേതാവിനെ ചിലര്‍ വിമര്‍ശിക്കുന്നത്.
യൂദാസിനോട് ഉപമിച്ച് സൈബര്‍ലോകം: ഇത് 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിയ യൂദാസിന്‍റെ ദിനമാണെന്നായിരുന്നു എന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പരിഹാസം. അനില്‍ പോയതില്‍ കോണ്‍ഗ്രസിന് ഒരു പ്രയാസവുമില്ല. അയാള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല, കൊടിപിടിച്ചിട്ടില്ല, പോസ്റ്ററൊട്ടിച്ചിട്ടുമില്ല. അനില്‍ സ്വന്തം പിതാവിനേയും കോണ്‍ഗ്രസിനേയും ഒറ്റിക്കൊടുത്തു. എകെ ആന്‍റണിയുടെ മകന്‍ എന്നതിനപ്പുറം അനില്‍ ആരുമല്ലെന്നും സുധാകരന്‍ തുറന്നടിച്ചു. ഉമ്മന്‍ചാണ്ടിയോടൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചായിരുന്നു ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്. എല്ലാ ഭാവുകങ്ങളും നേരുന്നു എന്നൊരു കുറിപ്പും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
വീഴ്‌ചയിലും പ്രതിരോധിച്ച്: വിഭാഗീയ ചിന്തയുളള അനിലിനെ കോണ്‍ഗ്രസിന്‍റെ ആശയത്തിന് കൊണ്ടുനടക്കാന്‍ കഴിയില്ലെന്നും വിഭാഗീയതയേയും വര്‍ഗീയതയേയും ന്യായീകരിക്കുന്ന അനില്‍ ചെന്നുചേരേണ്ടിടത്താണ് എത്തിയിട്ടുള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. അനില്‍ യൂദാസിന്‍റെ പണി എടുത്തതുകൊണ്ട് കോണ്‍ഗ്രസിനും എകെ ആന്‍റണിക്കും ഒരു കളങ്കവും ഉണ്ടാകില്ലെന്നും ഷാഫി പ്രതികരിച്ചു. രാഷ്ട്രീയ മാലിന്യങ്ങള്‍ക്ക് തീപിടിക്കുന്നത് ആദ്യ സംഭവമല്ലെന്നായിരുന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ പരിഹസിച്ചു. 'മക്കളില്ലെങ്കില്‍ ഇല്ലെന്നൊറ്റ ദുഃഖമേ, മക്കള്‍ പിഴയ്ക്കിലോ പെരുകുന്നിതാധികള്‍' എന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതാശകലം പങ്കുവച്ചുകൊണ്ടായിരുന്നു ചിലരുടെ സോഷ്യല്‍ മീഡിയ ക്ഷോഭം.
അമര്‍ഷം പുകയുന്നു: മാലിന്യം വഴിയില്‍ ചീഞ്ഞ് നാറുന്നതിനേക്കാള്‍ നല്ലത് കുപ്പത്തൊട്ടിയില്‍ എത്തിച്ചേരുന്നതാണെന്ന് കലിതുള്ളുന്നവരുമുണ്ട്. നേരത്തെ ബിബിസി ഡോക്യുമെന്‍ററി വിവാദത്തില്‍ ബിബിസിയെ വിമര്‍ശിച്ചും നരേന്ദ്രമോദിയെ അനുകൂലിച്ചും നടത്തിയ വിവാദ അഭിപ്രായ പ്രകടനത്തിനെതിരെ അനില്‍ ആന്‍റണിയുടെ പേജില്‍ അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശനമാണുയര്‍ത്തിയത്. കോണ്‍ഗ്രസില്‍ ഒരു ത്യാഗവും അനുഭവിക്കാതെ വളഞ്ഞ വഴിയില്‍ ഉന്നത സ്ഥാനത്തെത്തിയയാള്‍ എന്ന വിമര്‍ശനം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കണ്‍വീനറായ കാലത്തേ അനില്‍ പാര്‍ട്ടിയില്‍ നിന്ന് നേരിടുന്നുണ്ടായിരുന്നു. ഏതായാലും മഴ പെയ്‌താലും മരം പെയ്യുമെന്നതുപോലെ അനില്‍ ആന്‍റണിക്കെതിരെ കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമങ്ങളിലുയര്‍ത്തുന്ന ദയയില്ലാത്ത വിമര്‍ശനങ്ങള്‍ ഉടനെ അവസാനിക്കാന്‍ സാധ്യതയില്ലെന്നതാണ് വസ്‌തുത.