തിരുവനന്തപുരം: അഞ്ചൽ രാമഭദ്രൻ കൊലക്കേസിൻ്റെ വിചാരണയുടെ പ്രാഥമിക നടപടികൾ അടുത്ത മാസം 11ന് ആരംഭിക്കും. അന്ന് കോടതി കേസിലെ കുറ്റപത്രം വായിക്കും. തുടർന്നാണ് പ്രതികൾക്കെതിരെയുള്ള വിചാരണ നടപടികളുടെ തീയതി നിശ്ചയിക്കുക. സിപിഎം കൊല്ലം അഞ്ചൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾ അടക്കം കേസിൽ മൊത്തം 19 പ്രതികളാണ്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.
അഞ്ചൽ സ്വദേശികളായ ഗിരീഷ് കുമാർ, പത്മൻ, അഫ്‌സൽ, നജുമൽ, ഷിബു, വിമൽ, സുധീഷ്, ഷാൻ, രതീഷ്, ബിജു, രഞ്ജിത്ത്, സാലി എന്ന കൊച്ചുണ്ണി, റിയാസ് എന്ന മുനീർ, ഡിവൈഎഫ്ഐ നേതാവും പുനലൂർ സ്വദേശിയുമായ റിയാസ്, കുണ്ടറ സ്വദേശി മാർക്സൺ, പി.എസ്.സുമൻ, ബാബു പണിക്കർ, ജയ്‌മോഹൻ, റോയികുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.
കൊല്ലപ്പെട്ട അഞ്ചൽ രാമഭദ്രൻ കോൺഗ്രസ് പ്രവർത്തകനായിരുന്നു. സിപിഎം മേഖലകളിൽ കോൺഗ്രസ് പാർട്ടിയുടെ പ്രചാരം വർധിപ്പിക്കുകയും പ്രവർത്തകരെ സിപിഎമ്മിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്‌തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തെ തുടർന്നാണ് രാമഭദ്രനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ കേസ്.
READ MORE: അഞ്ചൽ രാമഭദ്രൻ കൊലക്കേസ്; പന്ത്രണ്ടാം പ്രതിയ്ക്ക് ജാമ്യം