തിരുവനന്തപുരം : തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടവും നേരിടാനുള്ള മനക്കരുത്തും തന്‍റേടവും കാണിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സ്‌പീക്കർ എഎൻ ഷംസീർ. കോൺഗ്രസ് നേതാവായി പ്രവർത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ച നേതാവായിരുന്നു അദ്ദേഹം. ഏത് കാര്യം ചെയ്യുമ്പോഴും അത് സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്തണം എന്ന നിർബന്ധമുണ്ടായിരുന്ന നേതാവ്. കുറ്റബോധമില്ലാതെ മുന്നോട്ടുപോകാന്‍ അദ്ദേഹത്തെ ആ രീതി സഹായിച്ചിട്ടുണ്ടാകണമെന്നും സ്‌പീക്കർ അനുസ്‌മരിച്ചു.
'രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എന്നുമൊരു പാഠപുസ്‌തകം. ജനക്ഷേമത്തിലും, സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നിയിരുന്ന ഭരണാധിപനും ജനകീയ പ്രശ്‌നങ്ങള്‍ സഭയില്‍ സമര്‍ഥമായി ഉന്നയിക്കുന്ന നിയമസഭ അംഗവുമായിരുന്നു ഉമ്മന്‍ ചാണ്ടി. കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറായ ജനകീയനായ നേതാവായിരുന്നു അദ്ദേഹം'- സ്‌പീക്കർ കൂട്ടിച്ചേർത്തു.
ജനക്കൂട്ടത്തെ ആകർഷിക്കുന്ന വാക്‌ചാതുര്യമോ പ്രാസംഗമോ അദ്ദേഹത്തിനുണ്ടായില്ല. എന്നാൽ ജനങ്ങളെ കൈയിലെടുക്കാനുള്ള രാഷ്ട്രീയ സാമർഥ്യം അദ്ദേഹം എന്നും പുലർത്തി. ജനസമ്പർക്ക പരിപാടിയിലൂടെയും ആരാധനാലയങ്ങളിൽ സമയം ചെലവഴിച്ചും സഹപ്രവർത്തകരോടൊപ്പം ആൾക്കൂട്ട യാത്ര നടത്തിയും ജനങ്ങൾക്കിടയിൽ താൻ ജീവിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനങ്ങൾ തങ്ങളോടൊപ്പമുള്ള ഉമ്മൻ ചാണ്ടിയെ ഹൃദയത്തിലേറ്റി. ജനസഹസ്രങ്ങളാണ് അദ്ദേഹത്തിന്‍റെ വിലാപ യാത്ര സാക്ഷ്യം വഹിക്കാൻ എത്തിയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന ഏടാണ് അവസാനിക്കുന്നതെന്നും സ്‌പീക്കർ അനുസ്‌മരിച്ചു.
ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ച് കെ ബി ഗണേഷ് കുമാർ : ഒരിക്കലും നടക്കില്ല എന്ന് നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്നയാളായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ അനുസ്‌മരിച്ചു. നിയമസഭയിലെ നടത്ത മത്സരത്തിൽ അദ്ദേഹം ഒന്നാമത് എത്തിയിട്ടുണ്ട്. ഒരു കാര്യം നടത്താനായി എപ്പോഴും ശ്രമം നടത്തിയിരുന്ന ആളായിരുന്നു. നടന്നാലും ഇല്ലെങ്കിലും അതിനായി ശ്രമിക്കും. അമേരിക്കൻ പ്രസിഡന്‍റിന് പോലും അദ്ദേഹം ശുപാർശ കത്ത് നൽകിയിട്ടുണ്ടെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
ഒരിക്കലും നടക്കില്ല എന്ന് നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ അദ്ദേഹം നടത്താൻ ശ്രമിക്കും. പച്ചവെള്ളം പോലും കുടിക്കാതെ പങ്കെടുക്കുന്ന ജനസമ്പർക്ക പരിപാടിയിൽ രാത്രി 2 മണിക്ക് വരുന്ന പരാതിയും ശ്രദ്ധയോടെ കേൾക്കുമായിരുന്നു. കുറഞ്ഞ വാക്കുകൾ കൊണ്ട് നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയ ആളായിരുന്നു ഉമ്മൻ ചാണ്ടിയെന്നും കെ ബി ഗണേഷ് കുമാർ എംഎൽഎ അനുസ്‌മരിച്ചു.
മുൻ സ്‌പീക്കർ വക്കം പുരുഷോത്തമനെയും അനുസ്‌മരിച്ച് കെ ബി ഗണേഷ് കുമാർ : എംഎൽഎ ഹോസ്റ്റലിൽ നിരവധി കുറ്റവാളികൾ കയറുമായിരുന്നു. എന്നാൽ വക്കം പുരുഷോത്തമൻ സ്‌പീക്കറായ കാലത്ത് അത് അനുവദിച്ചിട്ടില്ല. കുടുംബമായി എംഎൽഎ ഹോസ്റ്റലിൽ താമസിക്കാനുള്ള സാഹചര്യം ഒരുക്കിയ നേതാവായിരുന്നു വക്കം പുരുഷോത്തമനെന്നും ഗണേഷ് കുമാർ അനുസ്‌മരിച്ചു.
അനുസ്‌മരിച്ച് മുഖ്യമന്ത്രി : അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരോഷത്തമന്‍റെയും രാഷ്‌ട്രീയ ജീവിതം പുതുതലമുറയ്‌ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരളനിയമ സഭ ആയിരുന്നു. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടായപ്പോഴും അദ്ദേഹം കേരളത്തില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു.