തിരുവനന്തപുരം: വിവാദമായ അമൃത് പദ്ധതിയില്‍ ഡിപിആര്‍ തയ്യാറാക്കാന്‍ രാം ബയോളജിക്കല്‍സ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്ന ഓഡിറ്റ് എന്‍ക്വയറി റിപ്പോര്‍ട്ട് ഇടിവി ഭാരതിന്. കൊല്ലം കോര്‍പ്പറേനിലെ സീവേജ് /സെപ്‌റ്റേജ് നിര്‍മ്മാണത്തിന് ഡിപിആര്‍ തയ്യാറാക്കിയതിലെ ക്രമക്കേടാണ് പുറത്തുവന്നത്. പദ്ധതിയില്‍ അഴിമതി നടന്നിട്ടില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം പൊളിക്കുന്ന റിപ്പോര്‍ട്ട് ക്രമക്കേടുകള്‍ക്ക് കൊല്ലം കോര്‍പ്പറേഷനോട് വിശദീകരണവും ആവശ്യപ്പെടുന്നു.
കൊല്ലം നഗരസഭയില്‍ സഭയില്‍ മൂന്ന് ഡിസെന്‍ട്രലൈസ്ഡ് സെപ്‌റ്റേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് തുടങ്ങുന്നതിനാണ് ഡിപിആര്‍ തയ്യാറാക്കാന്‍ ഏജന്‍സികളെ ക്ഷണിച്ചത്. മൂന്ന് സ്ഥാപനങ്ങളാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ കോഴിക്കോട് ആസ്ഥാനമായ രാം ബയോളജിക്കല്‍സ് എന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയത്. പദ്ധതിച്ചെലവിന്‍റെ 2.3 ശതമാനം കണ്‍സള്‍ട്ടന്‍സി ഫീയായി കണക്കാക്കിയാണ് ഇവരെ ചുമതല ഏല്‍പ്പിച്ചത്. കരാര്‍ നല്‍കിയതില്‍ ക്രമക്കേടുളളതായാണ് അക്കൗണ്ടന്‍റ് ജനറലിന്‍റെ ഓഫീസ് നടത്തിയ ഓഡിറ്റ് എന്‍ക്വയറി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ക്രമക്കേടുകള്‍ സംബന്ധിച്ച് കൊല്ലം നഗരസഭയോട് വിശദീകരണവും ചോദിച്ചിട്ടുണ്ട്.
ശുചിത്വ മിഷന്‍ എംപാനല്‍ ചെയ്തിട്ടുളള കമ്പനികളെ കരാറില്‍ നിന്ന് ഒഴിവാക്കി, ദ്രവമാലിന്യ സംസ്‌കരണത്തില്‍ പ്രാവീണ്യമുളള കമ്പനിയെ തെരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശം മറികടന്ന് സിവറേജ് / സെപ്‌റ്റേജ് ട്രീറ്റ്‌മെന്‍റില്‍ പ്രാവീണ്യമില്ലാത്ത കമ്പനിയെ കരാര്‍ എല്‍പ്പിച്ചു, കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിച്ച സ്ഥലം പ്ലാന്‍റ് നിര്‍മ്മാണത്തിന് യോഗ്യമല്ലാതിരുന്നിട്ടും ഡിപിആറുമായി മുന്നോട്ടുപോയി, പ്രായോഗികമല്ലാത്ത ഡി പി ആറിന് കണ്‍സള്‍ട്ടേഷന്‍ ഫീ ഇനത്തില്‍ 16,31, 477 രൂപ നല്‍കി, പദ്ധതി നടപ്പായില്ലെങ്കില്‍ കണ്‍സള്‍ട്ടേഷന്‍ ഫീ തിരികെ വാങ്ങാനുളള വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല തുടങ്ങിയവയാണ് ഓഡിറ്റ് എന്‍ക്വയറി റിപ്പോര്‍ട്ടിലെ പ്രധാന നിരീക്ഷണങ്ങള്‍.
പദ്ധതിക്ക് അനുയോജ്യമായ വിദഗ്‌ധ സ്ഥാപനത്തെ നിയമിക്കാതെ തുടരുന്നത് സര്‍ക്കാര്‍ ശുചിത്വമിഷന്‍ ഉത്തരവിന്‍റെ ലംഘനവും നഗരസഭയുടെ ഗുരുതരമായ വിഴ്ചയും ജനങ്ങളുടെ പണത്തിന്‍റെ ധൂര്‍ത്തുമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രോ കോയാഗുലേഷന്‍ സാങ്കേതികവിദ്യയാണ് പ്ലാന്‍റ് നിര്‍മ്മാണത്തിന് രാം ബയോളജിക്കല്‍സ് മുന്നോട്ടു വയ്ക്കുന്നത്. ഈ സാങ്കേതികവിദ്യപ്രകാരം പ്ലാന്‍റ് നിര്‍മ്മാണത്തിന് തയ്യാറായി ഒരു കമ്പനിയും എത്തിയിട്ടില്ല. ഇലക്ട്രോ കോയാഗുലേഷന്‍ രാജ്യത്ത് പ്രചാരമുളളതല്ലെന്നും പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാണ കമ്പനികള്‍ പിന്‍വലിയുന്നത്. ഈ പശ്ചാത്തലത്തില്‍ പദ്ധതി മുടങ്ങിയേക്കും.
2020 വരെ മാത്രമാണ് പദ്ധതിയുടെ കാലാവധി. സംസ്ഥാനത്തെ ഏഴ് നഗരങ്ങളിലായി 426 കോടിയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഡിപിആര്‍ തയ്യാറാക്കിയ ഇനത്തില്‍ ഇതിനോടകം അഞ്ചര കോടി രാം ബയോളജിക്കല്‍സ് കൈപ്പറ്റിയെന്നാണ് വിവരം.