തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരില്‍ അമിത് ഷാ കേരളത്തിലെത്തിയത് സി.പി.എമ്മുമായുള്ള വോട്ടു കച്ചവടം ഉറപ്പിക്കാനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 2019ല്‍ വട്ടിയൂര്‍കാവ് മണ്ഡലത്തിലെ 20000ലേറെ വോട്ടുകള്‍ ബി.ജെ.പി സി.പി.എമ്മിനു മറിച്ചു നല്‍കി. അങ്ങനെയാണ് മൂന്നാം സ്ഥാനത്തായിരുന്ന സി.പി.എം അവിടെ ഒന്നാം സ്ഥാനത്തായത്.
രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ബി.ജെ.പി നല്‍കിയ വോട്ട് സി.പി.എം കൈനീട്ടി വാങ്ങി. അതാണ് ഈ തെരഞ്ഞെടുപ്പിലും സംഭവിക്കാന്‍ പോകുന്നത്. ഇതിനായാണ് അമിത്ഷാ ഇപ്പോള്‍ കേരളത്തിലെത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതാരെന്ന് ഇപ്പോള്‍ കേരളത്തിലെത്തിയ അമിത്ഷാ വെളിപ്പെടുത്തണം.
അമിത്ഷാ ബി.ജെ.പി അധ്യക്ഷനല്ല. കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന ഉത്തരവാദിത്ത സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. സ്വര്‍ണക്കടത്തില്‍ അമിത്ഷാ ഒളിച്ചു കളിക്കുകയാണ്. പിണറായി വിജയനും അമിത്ഷായും പരസ്പരം ഒളിച്ചു കളിക്കുകയാണ്. സോളാര്‍ കേസിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. ത്സാന്‍സിയില്‍ മലയാളി കന്യാസ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേരള ഗവര്‍ണര്‍ ഇടപെടണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തു നല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.