തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ നിര്‍ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ജൂൺ 21ന് രാവിലെ എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാൻ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
അക്കു എന്ന് വിളിക്കുന്ന അഖിലുമായി രാഖി കഴിഞ്ഞ ആറു വർഷക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് രാഖിയുടെ അമ്മ വെളിപ്പെടുത്തി. ജൂൺ 18 ന് എറണാകുളത്തുനിന്ന് എത്തിയ രാഖി പലഹാര പൊതികളുമായാണ് 21ന് പോയതെന്നും രണ്ടാനമ്മ സിൽവി പറഞ്ഞു. അതേസമയം വിവാഹം കഴിക്കുന്നുവെങ്കിൽ അഖിലിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് രാഖി മോൾ പറഞ്ഞിരുന്നതായി സഹോദരി ഷൈനി പറഞ്ഞു. അതിനു വേണ്ടി പഠിച്ച് നല്ല ജോലി സമ്പാദിക്കുന്നതിനും രാഖി ശ്രമിച്ചിരുന്നതായി ഷൈനി പറഞ്ഞു.
എന്നാൽ രാഖി മോൾ തന്റെ മകനെ ഫോണിൽ വിളിച്ച് പതിവായി പണം ആവശ്യപ്പെടുമായിരുന്നെന്നും നിരന്തരം ശല്യം ചെയ്യുകയുമായിരുന്നെന്ന് അഖിലിന്റെ അച്ഛൻ ആരോപിച്ചു. രാഖി മോളും അഖിലും തമ്മിൽ പ്രണയമായിരുന്നു എന്നുള്ള കാര്യം തനിക്കറിയില്ലെന്നും അച്ഛൻ രാജപ്പൻ നായർ പറഞ്ഞു. അതേസമയം, രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലെ മുഖ്യപ്രതിയായ സൈനികന് അഖിലിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കൂട്ടു പ്രതിയായ അഖിലിന്റെ സഹോദരൻ രാഹുൽ ഇപ്പോഴും ഒളിവിലാണ്.
അന്വേഷണസംഘം പ്രതികളായ രാഹുലിന്റെയും അഖിലന്റെയും മുൻകാല പശ്ചാത്തലം ഉൾപ്പെടെ അന്വേഷിച്ച് വരുകയാണ്. കൊലപാതകത്തിൽ പങ്കാളിയായിരുന്ന അയൽവാസിയും സുഹൃത്തുമായ ആദർശ് റിമാൻഡിലാണ്. 21ന് നെയ്യാറ്റിൻകരയിൽ നിന്ന് കാറിൽ എത്തിച്ച രാഖിയെ അഖിൽ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് ആദര്‍ശ് പൊലീസിന് നൽകിയ മൊഴി. കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന കാറിനെ കുറിച്ചുള്ള അന്വേഷണവും ഊർജിതമാക്കി. അമ്പൂരിയിലെ അഖിലിന്റെ വീടിനോട് ചേര്‍ന്നുള്ള പറമ്പിൽ നിന്നാണ് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുത്തത്. ഫോൺകോളുകളും മറ്റും പിന്തുടര്ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ കഥ പുറം ലോകമറിഞ്ഞത്.