തിരുവനന്തപുരം: അധികൃതരുടെ അനാസ്ഥ മൂലം വീടില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അമ്പൂരി ആദിവാസി കോളനി നിവാസികൾ. ഒരു വർഷം മുൻപ് വാഗ്‌ദാനം ചെയ്ത ലൈഫ് പദ്ധതി തുക അനുവദിച്ചു നൽകാത്ത സാഹചര്യത്തിൽ അധികൃതർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 2018ന്‍റെ അവസാനത്തിൽ അമ്പൂരി തൊടുമല വാർഡിലെ കണ്ണുമാമ്മൂട്, പുരവിമല, തെന്മല, കാരിക്കുഴി, ചാലക്കപ്പാറ, കൊമ്പ സെറ്റിൽമെന്‍റുകളിലായി 27 വീടുകളാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് നൽകിയത്. സമയബന്ധിതമായി തുക അനുവദിച്ചു നൽകാത്തതിനാല്‍ വീടുകളുടെ നിർമാണം പാതിവഴിയിലായി. ട്രൈബൽ വിഭാഗത്തിന് വീട് നിർമിക്കാൻ ആറു ലക്ഷം രൂപയാണ് ഈ പദ്ധതി പ്രകാരം നൽകുന്നത്. പണി സ്ഥലത്തേക്ക് നിർമാണ സാധനങ്ങൾ എത്തിക്കുന്നതിന് തന്നെ ഇതില്‍ നിന്നും വലിയൊരു തുക ചെലവാകുന്നത്.
സമയബന്ധിതമായി പണി തീർക്കാൻ അഞ്ചു ഘട്ടങ്ങളിലായി മുഴുവൻ തുകയും നൽകണം എന്നിരിക്കെ ഒരുവർഷം പിന്നിട്ടിട്ടും മൂന്നാംഘട്ടത്തെ തുക മാത്രമേ നൽകിയിട്ടുള്ളൂ. അതേസമയം, മൂന്നാം ഘട്ട നിർമാണ സമയത്ത് ട്രൈബൽ വിഭാഗത്തിന് രണ്ടു ലക്ഷത്തി പത്തായിരം രൂപയാണ് നൽകേണ്ടിയിരുന്നത്. എന്നാൽ ഒരു ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്ന് കോളനി നിവാസികൾ പറയുന്നു. ഫണ്ട് അനുവദിക്കാത്തതിനെ കുറിച്ച് ചോദിക്കുമ്പോൾ എസ്.റ്റി ഫണ്ട് ആയിട്ടില്ല എന്നാണ് അധികൃതരുടെ മറുപടി. തങ്ങൾക്കും അന്തിയുറങ്ങാൻ നല്ലൊരു കൂര ലഭിക്കുമെന്ന വിശ്വാസത്തിൽ പദ്ധതിയിൽ നിന്ന് ലഭിച്ച തവണ തുകയ്ക്ക് പുറമേ കടം വാങ്ങിയും, കൈവായ്‌പ വാങ്ങിയുമാണ് പലരും വീടുകളുടെ പണി ആരംഭിച്ചത്. കാട്ടിനുള്ളിലെ കോൺക്രീറ്റ് സ്‌മാരകങ്ങളായി തങ്ങളുടെ സ്വപ്‌ന വീടുകളുടെ നിർമാണം നിലച്ചിട്ടും അധികൃതർ പിടിച്ചു വച്ചിരിക്കുന്ന തങ്ങൾക്ക് അർഹതപ്പെട്ട തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാടിന്‍റെ മക്കൾ.