തിരുവനന്തപുരം: കേരള പൊലീസിന്‍റെ പണി ഫേസ്ബുക്കിലൂടെ മാപ്പപേക്ഷിക്കല്‍ അല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ആലുവയില്‍ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാപ്പപേക്ഷിക്കാന്‍ അല്ല പൊലീസ് സേനയെ സൃഷ്‌ടിച്ചിരിക്കുന്നത്. അല്‍പമെങ്കിലും നാണം ഉണ്ടെങ്കില്‍ പ്രതിയെ പിടിച്ചുവെന്ന വീരവാദം പൊലീസ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
പകല്‍ നടന്ന കുറ്റകൃത്യം തടയാന്‍ എന്തുകൊണ്ട് പൊലീസിന് സാധിച്ചില്ല. ഒരു രാത്രി മുഴുവന്‍ പ്രതിക്ക് പൊലീസിനെ വഴിതെറ്റിക്കാന്‍ സാധിച്ചു. ഈ വീഴ്‌ചയ്ക്ക് ഉത്തരവാദി ആരാണെന്ന് കണ്ടെത്തണം. ഏതുതരക്കാരാണ് ഈ അതിഥികള്‍ എന്ന് കണ്ടെത്താന്‍ സംവിധാനമുണ്ടോ. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ നരാധമന്മാര്‍ കടിച്ചുകീറും അല്ലെങ്കില്‍ തെരുവുനായകള്‍ കടിച്ചുകൊല്ലും. അതാണ് കേരളത്തിലെ സ്ഥിതിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയ്യാറെടുക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ചോദ്യം വന്നപ്പോള്‍ മന്ത്രിയുടെ മനസില്‍ വന്ന ആശയം മാത്രം. അങ്ങനെയല്ല നിയമനിര്‍മാണം നടത്തേണ്ടത്. അതിന് ഒരുപാട് സാഹചര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. മലയാളികള്‍ മുഴുവന്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ട സാഹചര്യമാണ് ഉണ്ടായതെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.
അതിഥി തൊഴിലാളി രജിസ്ട്രേഷനൊരുങ്ങി സംസ്ഥാനം: സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികളെ രജിസ്‌ട്രേഷന് വിധേയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതിന് ആവശ്യമായ നിയമം കേരളത്തിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണ്. നിരവധി അതിഥി തൊഴിലാളികൾ ഇപ്പോൾ കേരളത്തിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണെന്നും തൊഴില്‍ വകുപ്പ് മന്ത്രി കൂടിയായ വി ശിവന്‍കുട്ടി വാർത്ത കുറിപ്പില്‍ പറഞ്ഞു.
ആലുവയില്‍ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വലിയ കുറ്റകൃത്യങ്ങളില്‍ പ്രതിസ്ഥാനത്ത് അതിഥി തൊഴിലാളികൾ വരുന്നുണ്ട്. ഇതുകൂടെ കണക്കിലെടുത്താണ് സംസ്ഥാനത്ത് അതിഥി തൊഴിലാളി രജിസ്ട്രേഷൻ നടപടിക്കായി സർക്കാർ ഒരുങ്ങുന്നത്.
READ MORE | അതിഥി തൊഴിലാളി രജിസ്ട്രേഷനൊരുങ്ങി സംസ്ഥാനം; നിയമം പരിഗണനയിലെന്ന് വി ശിവന്‍കുട്ടി
നിലവിൽ ആവാസ് ഇൻഷൂറൻസ് കാർഡ് അതിഥി തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിൽപ്പരം അതിഥി തൊഴിലാളികൾ ഇതുവഴി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്തി പേര് ചേര്‍ക്കാനുള്ള നടപടികൾ തൊഴിൽ വകുപ്പ് കൈക്കൊള്ളും. നിലവിലെ നിയമപ്രകാരം കോൺട്രാക്‌ടര്‍ മുഖേന അഞ്ചോ അതിലധികമോ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കാൻ മാത്രമേ ലേബർ ഓഫിസിൽ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ. നിലവിൽ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം 1979നെ ആണ് ഇക്കാര്യത്തിൽ ആശ്രയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.