തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിൽ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് അടച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന് ആക്ഷേപം (Allegation On Thiruvananthapuram Corporation Vehicle Insurance). പിക്കപ്പ് ഓട്ടോയുടെ പേരിൽ കാറിന് ഇരട്ടിയിലധികം ഇൻഷുറൻസ് തുക അടച്ചതായാണ് ആരോപണം ഉയരുന്നത്. ഇന്ന് ചേര്‍ന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് പിക്കപ്പ് ഓട്ടോക്ക് ഇൻഷുറൻസ് അടയ്ക്കാന്‍ 8147 രൂപ അനുവദിച്ചത്.
Kl 01 BD 3481 എന്ന പിക്കപ്പ് ഓട്ടോയുടെ ഇൻഷുറൻസ് പ്രീമിയം പുതുക്കാൻ 8147 രൂപ അനുവദിക്കണമെന്നാണ് ധനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റിയുടെ അജണ്ടയിൽ സൂചിപ്പിക്കുന്നത്. എന്നാൽ വാഹനത്തിന്‍റെ നമ്പർ എം പരിവാഹൻ മൊബൈൽ ആപ്പിൽ പരിശോധിക്കുമ്പോൾ ഇതൊരു കാറിന്‍റെ നമ്പറായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് ആരോപണമുയരാന്‍ കാരണമായത്.
10 പിക്കപ്പ് ഓട്ടോകൾ ഉൾപ്പെടെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 22 വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം പുതുക്കാനാണ് ധനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റിയുടെ ശുപാർശ. പത്തില്‍ 9 പിക്കപ്പ് ഓട്ടോകളുടെയും ഇൻഷുറൻസ് പ്രീമിയം പുതുക്കാൻ 3972 രൂപ വീതമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പിക്കപ്പ് എന്ന വ്യാജന നൽകിയിരിക്കുന്ന കാറിന്‍റെ പ്രീമിയമായി 8147 രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബാക്കി പിക്കപ്പ് ഓട്ടോകളെക്കാൾ ഇരട്ടിയിലധികം തുക ഈ പിക്കപ്പ് ഓട്ടോക്ക് എന്തുകൊണ്ട് വന്നെന്ന് നഗരസഭാ കൗൺസിലിൽ ആക്ഷേപമുയർന്നിരുന്നു. എന്നാൽ ധനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ഡെപ്യൂട്ടി മേയർ പി കെ രാജു ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. നഗരത്തിലെ കേടാകുന്ന വഴിവിളക്കുകൾ 48 മണിക്കൂറിനുള്ളിൽ പുനസ്ഥാപിക്കാന്‍ സ്വകാര്യ ഏജൻസിക്ക് കരാർ നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് പിന്നീടുള്ള ചർച്ചകൾ വഴി മാറുകയായിരുന്നു.