തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം പ്രചാരണ പരിപാടിയില്‍ വന്‍ ധൂര്‍ത്തെന്ന് ആരോപണമുയര്‍ന്നു (Allegation Against Keraleeyam). 717 കോടി രൂപ വകയിരുത്തിയ ലൈഫ് പദ്ധതിക്ക് ഏഴുമാസത്തിനുള്ളില്‍ വെറും 18 കോടി രൂപ മാത്രം ചിലവഴിച്ച സര്‍ക്കാര്‍ 7 ദിവസത്തെ പ്രചാരണത്തിന് 27 കോടി പൊടിക്കുന്നു എന്ന വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഉയരുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രത്യേക സാഹചര്യത്തിലാണ് ഈ ധൂര്‍ത്തെന്ന വിമര്‍ശനവും ഉയരുന്നു. ധനകാര്യ എക്‌സ് പെന്‍ഡിച്ചര്‍ സ്‌പെഷ്യല്‍ സെക്രട്ടറി കേശവേന്ദ്ര കുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ 27,12,04,575 രൂപ എങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണം എന്ന് വ്യക്തമാക്കുന്നുണ്ട്. ഈ ഉത്തരവു പ്രകാരം എക്‌സിബിഷന്‍ കമ്മിറ്റിക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത് - 9.39 കോടി രൂപ.
മീഡിയ ആന്‍ഡ് പബ്‌ളിസ്റ്റി കമ്മിറ്റിക്ക് അനുവദിച്ചിട്ടുള്ളതും മോശമല്ലാത്ത തുകയാണ് - 3.98 കോടി രൂപ. കള്‍ച്ചറല്‍ കമ്മിറ്റി - 3.14 കോടി രൂപ, ഇല്ല്യൂമിനേഷന്‍ കമ്മിറ്റി - 2.97 കോടി രൂപ, റിസപ്ഷന്‍ ആന്‍ഡ് അക്കോമഡേഷന്‍ കമ്മിറ്റി - 1.81 കോടി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി - 1.98 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. ഫുഡ് ഫെസ്റ്റിവല്‍ കമ്മിറ്റിക്ക് - 85 ലക്ഷം രൂപയും ട്രേഡ് ഫെയര്‍ കമ്മിറ്റിക്ക് - 69.86 ലക്ഷം രൂപയും ഫ്‌ളവര്‍ ഷോ കമ്മിറ്റിക്ക് - 81.50 ലക്ഷം രൂപയും ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റിക്ക് - 60 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയും കര്‍ശനമായ ട്രഷറി നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യുമ്പോഴാണ് സര്‍ക്കാരിന്‍റെ പ്രചാരണത്തിന് 27.12 കോടി രൂപ ചെലവിടുന്നതെന്ന വിമര്‍ശനം ശക്തമാണ്. അതേ സമയം ലൈഫ് പദ്ധതിയില്‍ സ്വന്തമായി പാര്‍പ്പിടത്തിന് 9 ലക്ഷം അപേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച് 7 മാസം പിന്നിടുമ്പോള്‍ 18.28 കോടി രൂപ മാത്രമാണ് ചിലവഴിച്ചതെന്ന് പ്ലാനിങ് ബോര്‍ഡിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് 717 കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ 2.55 ശതമാനം തുക മാത്രമാണ് ഇതുവരെ വിനിയോഗിച്ചിട്ടുള്ളത്.
സാമ്പത്തിക വര്‍ഷത്തിന്‍റെ പകുതിയിലധികം പിന്നിട്ടു കഴിഞ്ഞ സാഹചര്യത്തില്‍ അവശേഷിക്കുന്ന 5 മാസം കൊണ്ട് ഈ നിലയില്‍ എത്ര ശതമാനം തുക ലൈഫ് ഇനത്തില്‍ ചെലവഴിക്കും എന്ന ചോദ്യം അവശേഷിക്കുന്നു. ആകെയുള്ള 717 കോടി രൂപയില്‍ 525 കോടി രൂപ ഗ്രാമീണ പാര്‍പ്പിട പദ്ധതിക്കും 192 കോടി രൂപ നഗര പാര്‍പ്പിട പദ്ധതിക്കുമാണ്. ഗ്രാമീണ പാര്‍പ്പിട പദ്ധതിക്കു വകയിരുത്തിയ തുകയുടെ 2.84 ശതമാനവും നഗര ഭവന പദ്ധതിയുടെ 1.74 ശതമാനവും മാത്രമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. സംസ്ഥാനം അത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു എന്നതിനുദാഹരണമാണ് ലൈഫ് പദ്ധതി പണം അനുവദിക്കുന്നതില്‍ ഇത്രയും കുറവു വരാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.