തിരുവനന്തപുരം : വിഴിഞ്ഞത്ത് ഞായറാഴ്‌ച ഉണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ സമരസമിതി ഉറച്ചുനിന്നതോടെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് തുറമുഖ നിര്‍മാണം സുഗമമാക്കാന്‍ ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം ഉണ്ടായതെന്നും ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും സമര സമിതി യോഗത്തില്‍ അറിയിച്ചു.
അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കുക എന്ന നിലയിലുള്ള ചര്‍ച്ചയല്ല, മറിച്ച് മുന്നോട്ടുവയ്ക്കുന്ന പ്രശ്‌ന പരിഹാരത്തിനുള്ള നടപടികളാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് സമരസമിതിക്കുവേണ്ടി യോഗത്തില്‍ പങ്കെടുത്ത ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ അത്തരത്തിലുള്ള ഒരു നിര്‍ദേശവും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമം കൈയിലെടുക്കാന്‍ അനുവദിക്കരുത് : എന്നാല്‍ തുറമുഖ നിര്‍മാണം തടസപ്പെടുത്തിയുള്ള സമരം അംഗീകരിക്കാന്‍ ആകില്ലെന്നായിരുന്നു സിപിഎം, ബിജെപി, സിപിഐ പ്രതിനിധികളുടെ അഭിപ്രായം. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല. അവിടെ നടന്ന സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. നടക്കുന്നത് അനാവശ്യ പ്രതിഷേധമാണെന്നും സമര സമിതി ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങള്‍ക്കും പരിഹാരം ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണം തടസപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ ശക്തമായി ഇതിനെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമര സമിതി പിന്‍മാറണം : കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് വിഴിഞ്ഞത്ത് ഞായറാഴ്‌ച ഉണ്ടായതെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കാനാകില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതില്‍ നിന്ന് സമരസമിതി പിന്‍മാറുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം : യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ മുന്നോട്ടുവന്നപ്പോള്‍ എല്‍ഡിഎഫും ബിജെപിയും ഒരു പോലെ എതിര്‍ത്ത പദ്ധതിയാണ് വിഴിഞ്ഞത്തേതെന്ന് എം വിന്‍സെന്‍റ് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ഇപ്പോള്‍ പദ്ധതിയെ അനുകൂലിച്ച് ഇരുവരും രംഗത്തുവന്നതില്‍ സന്തോഷമുണ്ട്. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണം. അതാണ് സമരം നീളാന്‍ കാരണം.
സമരം എങ്ങനെ അവസാനിപ്പിക്കണം എന്ന് മന്ത്രിമാര്‍ക്ക് ഒരു രൂപവുമില്ല. പ്രശ്‌ന പരിഹാരത്തിന് ഇതുവരെ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്നും എന്തുകൊണ്ട് അദ്ദേഹം സമര സമിതിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും വിന്‍സെന്‍റ് ചോദിച്ചു. വിഴിഞ്ഞത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും എല്ലാം നേരിടാന്‍ പൊലീസ് ശക്തമാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്‌പര്‍ജന്‍ കുമാര്‍ യോഗത്തില്‍ പറഞ്ഞു.
സമര സമിതി ഒഴികെ മറ്റാരും തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്ന ആവശ്യം മുന്നോട്ടുവച്ചില്ലെന്നും ചര്‍ച്ചകളുടെ ഫലം എന്തെന്ന് അറിയില്ല എന്നുമായിരുന്നു യോഗത്തില്‍ പങ്കെടുത്ത് പുറത്തിറങ്ങിയ ഫാദര്‍ യൂജിന്‍ പെരേരയുടെ പ്രതികരണം.