തിരുവനന്തപുരം : കപ്പയില്‍ നിന്നും മദ്യം ഉത്‌പാദിപ്പിക്കാനുള്ള ഗവേഷണത്തിന് ഫണ്ട് ലഭിക്കാതെ ഗവേഷകര്‍. 2022 മാര്‍ച്ചിലാണ് പഴവര്‍ഗങ്ങളും മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനും നടപടികള്‍ സ്വീകരിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്. ഇതിന്‍റെ പൈലറ്റ് പ്രോജക്‌ട് എന്ന നിലയിലായിരുന്നു മരിച്ചീനിയില്‍ നിന്നും എഥനോളും മറ്റു മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും ഉല്‍പാദന പദ്ധതിക്കായി രണ്ട് കോടി രൂപ അനുവദിച്ചത്.
എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് ഒരു വര്‍ഷം കഴിഞ്ഞ പുതിയ ബജറ്റ് സമ്മേളനത്തിന് നിയമസഭ ഒരുങ്ങുമ്പോഴും പദ്ധതിയുടെ ഗവേഷണം പോലും ശരശയ്യയിലാണ്. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരുന്നു ഇതിന്‍റെ ഗവേഷണ ചുമതല. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്കായി ഇതുവരെ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് ഉത്തരവായിട്ടില്ല.
കപ്പയിൽ നിന്ന് മദ്യം ഉത്‌പാദിപ്പിക്കുന്ന വിധം: വ്യാവസായിക അടിസ്ഥാനത്തില്‍ മരിച്ചീനിയില്‍ നിന്നും മദ്യം ഉത്‌പാദിപ്പിക്കാന്‍ കഴിയുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കിഴങ്ങ് ഗവേഷണ കേന്ദ്രം സമര്‍പ്പിച്ച പ്രപോസല്‍ പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ ഇത് ബജറ്റില്‍ ഉള്‍പ്പെടുത്തി പദ്ധതിയായി പ്രഖ്യാപിച്ചത്. മരച്ചീനിയില്‍ നിന്നും മദ്യം ഉണ്ടാക്കാനായി കപ്പ അരച്ച് പള്‍പ്പ് രൂപത്തിലാക്കിയതിന് ശേഷം ചണ്ടി ഒഴിവാക്കുന്നതാണ് ആദ്യ ഘട്ടം. ഇതിന് ശേഷം പള്‍പ്പിനെ അണുവിമുക്തമാക്കുകയും 150 ഡിഗ്രി സെല്‍ഷ്യസില്‍ അരമണിക്കൂറോളം തിളപ്പിക്കുകയും വേണം.
ഇതിന് ശേഷം തുടര്‍ന്നും ഇത് നാല് മണിക്കൂര്‍ നേരം 60 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കണം. ഇതില്‍ നിന്നും ലഭിക്കുന്ന ഫുഡ് ഗ്രേഡ് ഗ്ലൂക്കോസ് പുളിപ്പിച്ചാണ് എഥനോള്‍ ഉത്‌പാദിപ്പിക്കുക. തുടര്‍ന്ന് രണ്ടാം ഘട്ടത്തിലാണ് ഇത്തരത്തില്‍ ലഭിക്കുന്ന എഥനോളില്‍ നിന്നും മദ്യം ഉത്‌പാദിപ്പിക്കുക. ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള സാധ്യതകളാണ് കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ ഇനി നടത്താനുള്ളത്.
ധനസഹായം കാത്ത് ഗവേഷകർ: ലബോറട്ടറി സംവിധാനങ്ങള്‍ ഉള്‍പ്പെടെ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം നടത്താനുള്ള സന്നാഹങ്ങള്‍ ഒരുക്കാനായി വന്‍ സാമ്പത്തിക പിന്തുണ ആവശ്യമാണ്. എന്നാല്‍ സര്‍ക്കാരിന്‍റെ ധനസഹായം കാത്തിരുന്ന് ഗവേഷണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഏറെക്കുറെ നിലച്ച നിലയിലാണ്. മൂല്യവര്‍ധിത കാര്‍ഷിക ഉത്‌പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉദേശിച്ചാണ് ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തിയതെന്നും അക്കാലത്ത് മന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു.
വകയിരുത്തിയ മൊത്തം തുക: മൂല്യവര്‍ധിത കാര്‍ഷിക മിഷന് അഞ്ച് കോടി രൂപയും മൂല്യവര്‍ധിത ഉത്‌പന്ന വിപണനത്തിനും കമ്പനി രൂപീകരിക്കാനും 100 കോടി രൂപയും കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരുന്നു. കൂടാതെ ഏഴ് ജില്ലകളിലായി അഗ്രി ടെക് ഫെസിലിറ്റി സെന്‍ററിനായി 175 കോടി രൂപയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും പുതിയ മാര്‍ക്കറ്റിങ് കമ്പനി രൂപപ്പെടുത്താനായി 100 കോടി രൂപയും വകയിരുത്തുകയുണ്ടായി.