തിരുവനന്തപുരം : എകെജി സെന്‍ററില്‍ സ്‌ഫോടക വസ്‌തുവെറിഞ്ഞ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ റിമാൻഡ് ചെയ്‌തു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് വി ജിതിനെ റിമാന്‍ഡ് ചെയ്‌തത്.
അടുത്ത മാസം ആറ് വരെയാണ് റിമാൻഡ് കാലാവധി. സ്‌ഫോടക വസ്‌തുക്കള്‍ എറിയുന്ന സമയത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അടക്കം കണ്ടെത്തുന്നതിന് പ്രതിയെ കസ്‌റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. നാല് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ക്രൈംബ്രാഞ്ച് നല്‍കിയത്.
ജിതിന്‍ കുറ്റക്കാരനല്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാളെ (സെപ്‌റ്റംബർ 23) ഉച്ചയ്ക്ക് 12 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും.
സ്‌ഫോടകവസ്‌തുവെറിഞ്ഞത് താനാണെന്ന് ജിതിന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് റിമാൻഡ് റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് പറയുന്നത്. യൂത്ത് കോൺഗ്രസിന്‍റെ പ്രാദേശിക നേതൃത്വത്തിന്‍റെ കൂടി അറിവോടെയാണ് പ്രതി എകെഎജി സെന്‍റർ ആക്രമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കെപിസിസി ഓഫീസിന് നേരെയും രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫിസിന് നേരെയും നടന്ന ആക്രമണങ്ങള്‍ക്ക് പകരമായാണ് സ്ഫോടകവസ്തു എറിഞ്ഞതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
READ MORE: എകെജി സെന്‍റർ ആക്രമണം : ജിതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
ഇന്ന് (സെപ്‌റ്റംബർ 22) രാവിലെ കസ്റ്റഡിയിലെടുത്ത ജിതിന്‍റെ അറസ്റ്റ് ഉച്ചയോടെയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ജിതിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. മാധ്യമങ്ങളോട് ജിതിന്‍ സംസാരിക്കുന്നത് ഒഴിവാക്കാന്‍ ശക്തമായ പൊലീസ് കാവലും ഒരുക്കിയിരുന്നു.