തിരുവനന്തപുരം: ഒടുവില്‍ സി.പി.എമ്മിന് ആശ്വാസമായി എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.ജിതിനെയാണ് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
രണ്ടര മാസത്തിലധികമായി സി.പി.എമ്മിനെ തീര്‍ത്തും പ്രതിരോധത്തിലാക്കിയ സംഭവത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. സാഹചര്യതെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കസ്റ്റഡിയിലായതെന്നാണ് ക്രൈബ്രാഞ്ചിന്റെ വിശദീകരണം. ജിതിന്‍ രണ്ടാഴ്ചയിലധികമായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ആശ്വാസത്തില്‍ സിപിഎം: കിട്ടിയോ കിട്ടിയോ എന്ന പരിഹാസം കോണ്‍ഗ്രസ്, ബി.ജെ.പി സൈബറിടങ്ങളില്‍ വ്യാപകമായി ഉയരുകയും പ്രതിരോധിക്കാന്‍ ആയുധമില്ലാതെ സി.പി.എം ഇത്രയും കാലം പരുങ്ങുകയും ചെയ്യുന്നതിനിടയില്‍ പ്രതിയിലേക്ക് പ്രത്യേകിച്ച് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനിലേക്ക് തന്നെ എത്താനയത് സി.പി.എം ക്യാമ്പുകളില്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല.
എല്ലാം നാടകമെന്ന് കോൺഗ്രസ്: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വന്‍ വിജയത്തില്‍ അസൂയ പൂണ്ട സി.പി.എം അതിന്റെ ശോഭ കെടുത്താനാണ് ഇപ്പോള്‍ തിരക്കിട്ട് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയില്‍ ഇതു കെട്ടി വച്ചതെന്ന വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തു വന്നു. ബി.ജെ.പിക്ക് രാഹുലിന്റെ വസ്ത്രമാണ് പ്രശ്‌നമെങ്കില്‍ സി.പി.എമ്മിന് കണ്ടൈനറാണ് പ്രശ്‌നമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ ആരോപിച്ചു. ഈ സംഭവത്തിന്റെ ടൈമിംഗ് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. എ.കെ.ജി സെന്ററിന്റെ മതിലില്‍ പടക്കം വീണതിന്റെ നൊമ്പരമല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രയുണ്ടാക്കിയ വേവലാതിയാണ് സി.പി.എമ്മിനെന്ന് ഷാഫി പറഞ്ഞു.
ഗൂഢാലോചന പുറത്തുവരണം: പടക്കമെറിഞ്ഞ ആളെ മാത്രമല്ല, പിന്നില്‍ ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു. പിന്നില്‍ സി.പി.എമ്മാണെന്ന കോണ്‍ഗ്രസ് ആരോപണം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം രാഷ്ട്രീയമായി വന്‍ വിവാദമുയരുമെന്നു കണ്ട് കരുതലോടെയാണ് അന്വേഷണ സംഘത്തിന്റെയും കരുനീക്കങ്ങള്‍.
ജിതിൻ പിടിയിലായത് ഇങ്ങനെ: സംഭവ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയില്‍ നിന്നാണ് ജിതിനിലേക്കെത്തിയതെന്ന് അന്വേഷണ സംഘം പറയുന്നു. കൃത്യം നിര്‍വ്വഹിച്ച ശേഷം ജിതിന്‍ സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇവിടെ വച്ച് ഒരു കാർ ഡ്രൈവറുമായി സംസാരിക്കുന്ന ദൃശ്യമുണ്ട്. ഇതില്‍ നിന്ന് കാറിന്റെ നമ്പര്‍ അന്വേഷണ സംഘത്തിനു ലഭിച്ചു.
ഈ കാറില്‍ കെ.എസ്.ഇ.ബിക്ക് കരാര്‍ ഓടുന്നതു സംബന്ധിച്ച ബോര്‍ഡ് ഉണ്ടായിരുന്നു. തുടര്‍ന്ന് കാറിന്റെ നമ്പരുമായി കെ.എസ്.ഇ.ബിയില്‍ നടത്തിയ പരിശോധനയില്‍ ഇത് കഴക്കൂട്ടം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കു വേണ്ടിയാണ് ഓടുന്നതെന്ന് വ്യക്തമായി. സംഭവ ദിവസം വൈകിട്ട് 6 മണിക്ക് താന്‍ കാറില്‍ വീട്ടിലെത്തി കാര്‍ തിരിച്ചയച്ചുവെന്ന് എ.എക്‌സി മൊഴി നല്‍കി. തുടര്‍ന്ന് കാറിന്റെ നമ്പര്‍ ഉപയോഗിച്ച് ഉടമസ്ഥനെ തിരഞ്ഞപ്പോള്‍ ജിതിനാണെന്ന് കണ്ടെത്തി.
അങ്ങനെയാണ് ജിതിനിലേക്ക് അന്വേഷണ സംഘം ആദ്യമായി എത്തുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ വലുതാക്കി പരിശോധിച്ചപ്പോള്‍ ജിതിന്‍ ധരിച്ചിരുന്ന ടി ഷര്‍ട്ടില്‍ മാക്‌സ് എന്ന കമ്പനിയുടെ പേര് ശ്രദ്ധയില്‍ പെട്ടു. ഇതുമായി അന്വേഷണ സംഘം മാക്‌സ് ഷോറൂമിലെത്തി പരിശോധിച്ചപ്പോള്‍ ഇത് മെയ് മാസത്തിലിറങ്ങിയ പുതിയ ബ്രാന്‍ഡ് ആണെന്നും ഇതിനകം 10 എണ്ണം മാത്രമാണ് വിറ്റു പോയതെന്നും കണ്ടെത്തി. അതിലൊരാള്‍ ജിതിനാണെന്ന് കണ്ടെത്തിയതോടെ ജിതിന്‍ കൂടുതല്‍ സംശയത്തിലായി.
ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് വിളിപ്പിച്ചപ്പോള്‍ ദൃശ്യങ്ങള്‍ ഫോര്‍മാറ്റ് ചെയ്തതും അന്വേഷണ സംഘത്തിന്റെ സംശയം ജനിപ്പിച്ചു. മാത്രമല്ല, സംഭവ ദിവസം രാത്രി 11.45ന് ജിതിന്റെ മൊബൈല്‍ ഗൗരീശപട്ടം ഭാഗത്ത് ഉള്ളതായും തെളിഞ്ഞു. ഇതെന്തിനായിരുന്നു എന്ന ചോദ്യത്തിന് തട്ടുകടയില്‍ ഭക്ഷണം കഴിക്കാനായിരുന്നു എന്നായിരുന്നു മറുപടി. എന്നാല്‍ തട്ടുകടയില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയയൊരാള്‍ എത്തിയില്ലെന്ന് കടക്കാര്‍ അറിയിച്ചു.
ഇതെല്ലാം ജിതിനിലേക്കെത്താന്‍ സഹായകമായെന്നാണണ് ക്രൈം ബ്രാഞ്ച് നല്‍കുന്ന വിശദീകരണം. ഇത്തരം തെളിവുകളെല്ലാം കോടതിക്കു മുന്നില്‍ കൂടി എത്തിച്ചാലേ അന്വേഷണ സഘം പപറയുന്നത് വിശ്വസനീയമാകുകയുള്ളൂ. അതല്ലെങ്കില്‍ ഇതു വീണ്ടുമൊരു രാഷ്ട്രീയ വിവാദമായി തുടരാനാണ് സാദ്ധ്യത. ജൂലൈ 30 രാത്രി 11.20നാണ് നാണ് എ.കെ.ജി സെന്‍ററിനു നേരെ പടക്കമേറ് ഉണ്ടായത്.