തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണ കേസില്‍ പ്രതി ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ കണ്ടെത്തി. കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടറാണിത്. കഴക്കൂട്ടം കഠിനംകുളത്ത് നിന്നും ഇന്ന് (സെപ്‌റ്റംബര്‍ 30) രാവിലെ ക്രൈംബ്രാഞ്ചാണ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍റെ ഡ്രൈവറായിരുന്ന സുധീറിന്‍റെ ഉടമസ്ഥതയിലുളളതാണ് ഇരുചക്ര വാഹനം. എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് ക്രൈംബ്രാഞ്ച് പറയുന്നയാളാണ് സുഹൈല്‍. ഇയാള്‍ ഇപ്പോള്‍ വിദേശത്ത് ഒളിവിലാണ്.
സുധീറിന്‍റെ സഹോദരന്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ ജിതിന്‍റെ വനിത സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ആളാണ് കഴക്കൂട്ടത്ത് നിന്നെത്തിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഗൗരീശപട്ടത്ത് എത്തിച്ച് സ്‌കൂട്ടര്‍ ജിതിന് കൈമാറുകയായിരുന്നു. തുടര്‍ന്ന്, ഈ വാഹനത്തില്‍ എകെജി സെന്‍ററിലെത്തി സ്‌ഫോടക വസ്‌തുവെറിഞ്ഞു. ശേഷം, ഗൗരീശപട്ടത്തെത്തി സ്‌കൂട്ടര്‍ ഈ സത്രീക്ക് തന്നെ കൈമാറിയ ശേഷം കാറില്‍ രക്ഷപ്പെടുകയായിരുന്നു.
യുവതി ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജിതില്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ രണ്ട് വാഹനങ്ങളും ഇപ്പോള്‍ ജവര്‍ഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫിസിലാണുള്ളത്.