തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമിച്ച കേസിൽ പ്രതിയായ ജിതിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ നൽകി. അഞ്ച് ദിവസം വേണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
പ്രതി നടത്തിയ കുറ്റകൃത്യം ഗൗരവമുള്ളതാണ്. ജീവന് ആപത്ത് ഉണ്ടായില്ല എന്നത് കൊണ്ട് സംഭവം ചെറുതായി കാണാൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ കേസ് രാഷ്ട്രീയ ഗൂഢലോചനയുടെ ഭാഗമാണെന്നും, 180 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയുടെ ഷൂ, വസ്ത്രം എന്നിവ കണ്ടു എന്നിരിക്കെ ഹെൽമറ്റ് പോലും ഇല്ലാതെ ബൈക്ക് ഓടിച്ച പ്രതിയുടെ മുഖം എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല.
സാധാരണ ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന പടക്കങ്ങളിൽ അടങ്ങിയിട്ടുള്ള രസവസ്‌തുക്കൾ മാത്രമാണ് എകെജി സെന്‍ററിലേക്ക് എറിഞ്ഞ സ്‌ഫോടക വസ്‌തുവിൽ ഉണ്ടായിരുന്നതെന്നും പ്രതിഭാഗം വാദിച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം മാത്രമേ പ്രതിയുടെ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുകയുള്ളൂ. പ്രതി കണ്ണൻ എന്ന ജിതിൻ്റെ ജാമ്യ അപേക്ഷ കോടതി സെപ്റ്റംബർ 27 ന് പരിഗണിക്കും.
ജൂൺ 30 ന് രാത്രി 11.25നാണ് എകെജി സെൻ്റർ ആക്രമണം നടന്നത്.