തിരുവനന്തപുരം : എകെജി സെന്‍റര്‍ ആക്രമണ കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടി പ്രതി ചേര്‍ത്തു. കേസില്‍ നേരത്തെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിന് ആക്രമണത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്‌ത യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍ പ്രവര്‍ത്തക നവ്യ ടി എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിചേര്‍ത്തത്. നിലവില്‍ ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആക്രമണം ആസൂത്രം ചെയ്യുന്നതിലടക്കം സുഹൈല്‍ ഷാജഹാന് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആറ്റിപ്രയിലെ പ്രാദേശിക പ്രവര്‍ത്തകയായ നവ്യയാണ് ആക്രമണം നടത്തിയ സമയത്ത് ജിതിന്‍ ഓടിച്ചിരുന്ന ഡിയോ സ്‌കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ഗൗരീശപട്ടത്ത് എത്തിച്ചതും ആക്രമണശേഷം തിരികെ കൊണ്ടുപോയതെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
കേസില്‍ നേരത്തെ അറസ്റ്റിലായ ജിതിന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് രണ്ട് പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.