തിരുവനന്തപുരം: രാഷ്ട്രീയമായി സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ എ.കെ.ജി സെന്‍റര്‍ ബോംബേറ് കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. സംഭവത്തിന്‍റെ 23-ാം ദിവസമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. പ്രതിയെ സംബന്ധിച്ച് യാതൊരു തുമ്പും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച് മേധാവിക്ക് ഡി.ജി.പി അനില്‍കാന്ത് നിര്‍ദേശം നല്‍കി. ഇതിനോടകം 70ലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഡിയോ സ്‌കൂട്ടറുകളുള്ള നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും സംഭവത്തില്‍ പുരോഗതിയുണ്ടായില്ല. ബോംബേറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ന്യൂഡല്‍ഹിയിലുള്ള സിഡാക് ആസ്ഥാനത്തേക്കയച്ചിട്ടും ഒരാളെ പോലും തിരിച്ചറിയാനായില്ല.
മാത്രമല്ല, നിരന്തരമായി സാമൂഹിക മാധ്യമങ്ങളില്‍ എ.കെ.ജി സെന്‍റര്‍ ആക്രമണക്കേസില്‍ പരിഹാസത്തിനിടയാകുന്ന സാഹചര്യത്തില്‍ കൂടിയാണ് അന്വഷണം പുതിയ ഏജന്‍സിക്ക് കൈമാറുന്നത്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ ആരോപണവും കെട്ടിടം പൊളിഞ്ഞു വീഴുന്ന തരത്തിലുള്ള സ്‌ഫോടനം നടന്നുവെന്ന പി.കെ ശ്രീമതിയുടെ പ്രതികരണവും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവുമായി ചേര്‍ത്ത് ട്രോളുകള്‍ നിര്‍മിക്കുകയാണ് രാഷ്ട്രീയ എതിരാളികള്‍.
Also Read എകെജി സെന്‍ററിന് നേരെ ആക്രമണം: പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്