തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയാണെന്ന് ആവർത്തിച്ച് മന്ത്രി എ.കെ ബാലൻ. കോംപ്ലിമെന്‍റ് എന്നാൽ വിമർശനം എന്നോ യോജിപ്പില്ല എന്നോ അർഥം ഇല്ല. വീണിടത്ത് കിടന്ന് പൂഴിക്കടകൻ കാട്ടാതെ സംശയമുണ്ടെങ്കിൽ മുരളീധരന് വിദേശകാര്യ സെക്രട്ടറിയോട് ചോദിച്ച് വ്യക്ത വരുത്തണമെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു.
വി മുരളീധരന്‍റെ പ്രസ്താവനകൾ പലപ്പോഴും താൻ ആസ്വദിക്കാറുണ്ടെന്നും മന്ത്രി പരിഹസിച്ചു. എണ്ണ വില വർദ്ധനവിൽ അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടതാണെന്നും മന്ത്രി പറഞ്ഞു. കേരള ഗവൺമെന്‍റുമായി സഹകരിക്കണമെന്നാണ് മുരളീധരനോട് അഭ്യർഥിക്കാനുള്ളത്. പരിശോധന നടത്തിയ ശേഷം എല്ലാ പ്രവാസികളേയും നാട്ടിലെത്തിക്കുമെന്ന് മെയ് അഞ്ചിന് മുരളീധരൻ പറഞ്ഞതാണ്. ഈ ഉറപ്പനുസരിച്ചാണ് സംസ്ഥാനം നടപടികൾ സ്വീകരിച്ചത്. മുരളീധരൻ പറഞ്ഞതിൽ ഉറച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര നിർദേശം പാലിക്കുന്ന സർക്കാരാണ് കേരളത്തിൽ ഉള്ളത്. ഒന്നര ലക്ഷം പ്രവാസികൾ കേരളത്തിലെത്തിയിട്ടും സർക്കാർ പ്രവാസികൾ വരുന്നതിന് എതിരാണെന്ന് പ്രചരിപ്പിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസും ബിജെപിക്കും ഇത്തരത്തിൽ പ്രചരണം നടത്തുന്നതെന്നും എ.കെ ബാലൻ പറഞ്ഞു.