തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല നിയമന വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എ.കെ ബാലന്‍. സര്‍വകലാശാല നിയമനത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച സമീപനം ഭരണഘടന വിരുദ്ധമാണ്. മാത്രമല്ല അത്തരം സമീപനങ്ങള്‍ യൂണിവേഴ്‌സിറ്റി ആക്‌ടിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രിയ വര്‍ഗീസിന്‍റെ നിയമനം രാഷ്‌ട്രീയ നിയമനമാണെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് എ.കെ ബാലന്‍റെ പ്രതികരണം. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു.
ഗവർണറുടെ നിലപാടിനോട് കേരളീയ സമൂഹത്തിന് പൊരുത്തപ്പെടാനാവില്ല. നിയമനം സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്. അത്തരം നടപടി സ്വഭാവിക നീതിക്കെതിരാണ്.
നേതാക്കളുടെ മക്കളാണെന്ന് കരുതി മെറിറ്റുള്ളവര്‍ക്ക് ജോലി ചെയ്യേണ്ടേ? ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരെയല്ല നിയമിക്കുക. മിനിമം മാര്‍ക്ക് നേടിയാല്‍ മതിയെന്നും അതിനപ്പുറം എത്ര മാര്‍ക്ക് നേടിയാലും അതിന് വെയിറ്റേജില്ലെന്നും ബാലന്‍ പറഞ്ഞു. നിയമനം നടപ്പിലാക്കാന്‍ മാര്‍ക്കിനൊപ്പം മറ്റ് യോഗ്യതകള്‍ കൂടി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.