തിരുവനന്തപുരം : കെ സുധാകരന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസുകാര്‍ തന്നെ ആണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. മോന്‍സണ്‍ മാവുങ്കലും കെ സുധാകരനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഎമ്മിന്‍റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാഗത്തുനിന്നും കേസില്‍ യാതൊരു വിധ ഇടപെടലും ഉണ്ടായിട്ടില്ല.
വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വൈകാതെ തിരിച്ചറിയും. കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ അഭിപ്രായ വ്യത്യാസമാണ് നിലനില്‍ക്കുന്നത്. ഭീകരമായ പൊട്ടിത്തെറിയിലേക്കാണ് ഇത് നീങ്ങുന്നത്. കെ സുധാകരനെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കേസും അത് രൂപപ്പെടാനുണ്ടായ സാഹചര്യവും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായ പൊട്ടിത്തെറിയുടെ ഭാഗമാണെന്നും എ കെ ബാലന്‍ പ്രസ്‌താവനയില്‍ ആരോപിച്ചു.
കോണ്‍ഗ്രസുകാരാണ് കെ സുധാകരനെതിരായി കേസ് കൊടുത്തവര്‍ മുഴുവന്‍. ഇടതുപക്ഷക്കാര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ല. കെ സുധാകരന്‍ രഹസ്യമായി മൊബൈല്‍ വഴി പങ്കുവച്ച കാര്യങ്ങള്‍ പോലും പുറത്തുവന്നു. അദ്ദേഹത്തിന്‍റെ തന്നെ സന്തതസഹചാരിയായ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ഇത് പ്രചരിപ്പിച്ചത്. പ്രതിപക്ഷ നേതാവിനെതിരെയും വിജിലന്‍സില്‍ പരാതി നല്‍കിയത് യൂത്ത് കോണ്‍ഗ്രസിന്‍റെ ജില്ല സെക്രട്ടറിയാണ്.
താനാണ് അടുത്ത മുഖ്യമന്ത്രിയെന്ന് ഓരോ കോണ്‍ഗ്രസ് നേതാവിനും തോന്നുന്നു. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര വൈരുധ്യം മൂര്‍ച്ഛിക്കുന്നത് കാരണമാണിത്. ഒരാള്‍ മുന്നില്‍ വരുമ്പോള്‍ ബാക്കിയുള്ളവരെല്ലാം പിന്നില്‍ നിന്ന് വലിക്കുന്നു. ഇവര്‍ തന്നെ അപവാദ പ്രചരണവും നടത്തുന്നു. ഓരോ ഗ്രൂപ്പും തമ്മില്‍ മത്സരമാണ്. പലക പൊട്ടിയ മരണ കിണറിലെ സൈക്കിള്‍ അഭ്യാസിയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെന്നും എ കെ ബാലന്‍ ആരോപിച്ചു.
സുധാകരനെ കോണ്‍ഗ്രസുകാര്‍ തന്നെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചു. പഴയ ഗ്രൂപ്പുകള്‍ക്ക് പകരം പുതിയ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുത്താല്‍ പഴയവ തിരിച്ചുവരുമെന്ന് ബെന്നി ബെഹനാന്‍ തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ മനസ് അറിയാതെയാണ് ബ്ലോക്ക് പ്രസിഡന്‍റുമാരെ നിശ്ചയിച്ചതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞിരുന്നു. ബ്ലോക്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കടുത്ത അമര്‍ഷമാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നത്.
തെരഞ്ഞെടുപ്പില്‍ തന്നെ അമര്‍ഷം രേഖപ്പെടുത്തി ഹൈക്കമാന്‍ഡിനെ സന്ദര്‍ശിച്ചത് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും രമേശ് ചെന്നിത്തലയുമാണ്. ബ്ലോക്ക് പ്രസിഡന്‍റുമാര്‍ക്കായുള്ള പരിശീലനത്തില്‍ നിന്നും ഒരു വിഭാഗം വിട്ടുനിന്നതും ഓര്‍ക്കേണ്ടതാണെന്നും എ കെ ബാലന്‍ പ്രസ്‌താവനയിലൂടെ പറഞ്ഞു. വ്യാജ പുരാവസ്‌തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി സാമ്പത്തിക ബന്ധമുണ്ടെന്ന, അയാളുടെ ഡ്രൈവറുടെ മൊഴിയില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂണ്‍ 23) ആയിരുന്നു ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ഏഴ് മണിക്കൂറോളമുള്ള ചോദ്യം ചെയ്യലിന് ശേഷമാണ് സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്.