തിരുവനന്തപുരം : അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനത്തില്‍ പ്രതികരിച്ച് എകെ ആന്‍റണിയുടെ ഇളയ മകൻ അജിത് ആന്‍റണി. അനില്‍ ആന്‍റണി തെറ്റ് തിരുത്തി തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരന്‍ അജിത്ത് ആന്‍റണി പറഞ്ഞു. അനിലിന് ബിജെപിയുമായുള്ള ധാരണ എന്താണെന്ന് തനിക്കറിയില്ല. ബിജെപി അനിലിനെ കറിവേപ്പില പോലെ ചവിട്ടിക്കൂട്ടി വൈകാതെ വലിച്ചെറിയും. മുന്‍പും കോണ്‍ഗ്രസില്‍ നിന്നും പോയ നേതാക്കളുടെ അനുഭവം ഇത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തുടരെ തുടരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറിവിളി അനിലിനെ ചൊടിപ്പിച്ചു. അനിലിന്‍റെ തീരുമാനത്തില്‍ വീട്ടില്‍ എല്ലാവരും ഇപ്പോള്‍ ദുഃഖത്തിലാണ്. അനിലിന്‍റെ തീരുമാനം എകെ ആന്‍റണിയെ അതീവ ദുഃഖിതനാക്കിയെന്നും അജിത് മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും ദുഃഖിതനായും ദുര്‍ബലനായും അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടില്ലെന്നും അജിത് കൂട്ടിച്ചേർത്തു.
അനിൽ ആന്‍റണിയുടെ ബിജെപി അംഗത്വം: ബിജെപിയുടെ സ്ഥാപക ദിനമായ ഇന്നലെയായിരുന്നു അനില്‍ കെ ആന്‍റണിയുടെ ബിജെപി പ്രവേശനം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ബിജെപി ദേശീയ ആസ്ഥാനത്ത് എത്തിയ അനില്‍ ആന്‍റണി മൂന്ന് മണിയോടെയായിരുന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നും ബിജെപിയിലെ അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ മുന്‍പ് എഐസിസി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍, കെപിസിസി ഡിജിറ്റല്‍ മീഡിയ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്ന അനില്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് തന്നെ കോണ്‍ഗ്രസിലെ തന്‍റെ സ്ഥാനമാനങ്ങളില്‍ നിന്നും രാജി വച്ചിരുന്നു.
ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ച ശേഷം ബിജെപി രാഷ്‌ട്രത്തിനായി പ്രവര്‍ത്തിക്കുന്നുവെന്നും കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നുമായിരുന്നു അനിലിന്‍റെ ആദ്യ പ്രതികരണം. ബിജെപിയിലേക്കുള്ള മാറ്റം ആലോചിച്ചെടുത്ത തീരുമാനമാണ്. അവസരം നൽകിയതിന് താന്‍ നന്ദി പറയുന്നു എന്നും അനിൽ ആന്‍റണി പറഞ്ഞു.
സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. മോദിയുടെ കാഴ്‌ചപ്പാടിനായി പ്രവര്‍ത്തിക്കുമെന്നും അംഗത്വം സ്വീകരിച്ചു എന്നും അനില്‍ കെ ആന്‍റണി കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍, ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് ഒപ്പമെത്തിയായിരുന്നു ഇന്നലെ അനില്‍ കെ ആന്‍റണി ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്.
പ്രതികരണവുമായി നേതാക്കൾ: അനിലിന്‍റെ ബിജെപി പ്രവേശനത്തോട് അതിരൂക്ഷമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പ്രതികരിച്ചത്. അനില്‍ ആന്‍റണി ബിജെപിയുടെ കെണിയില്‍ വീണുവെന്നും അനില്‍ ബിജെപിയിലേക്ക് പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം.
അനിലിന്‍റേത് രാഷ്ട്രീയ ആത്മഹത്യ എന്നായിരുന്നു സംഭവത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ പ്രതികരിച്ചത്. അനിലിന്‍റെ തീരുമാനം അങ്ങേയറ്റം വേദനാജനകമാണെന്ന് വികാരഭരിതനായി പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്‍റണി പ്രതികരിച്ചു. അനില്‍ ആന്‍റണിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും ഇനി മറുപടി പറയില്ലെന്നും എ കെ ആന്‍റണി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.