തിരുവനന്തപുരം: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഷാര്‍ജ- തിരുവനന്തപുരം ഐ.എക്‌സ്-1346 വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലെ 104 യാത്രക്കാരെയും മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിക്കും.
വിമാനത്തില്‍ ഇന്ധന ചോര്‍ച്ചയുളളതായി പൈലറ്റിന് സംശയം തോന്നിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അടിയന്തര ലാന്‍ഡിങിന് സൗകര്യമൊരുക്കുകയായിരുന്നു എന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.