തിരുവനന്തപുരം : കെൽട്രോൺ മറ്റ് സ്വകാര്യ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങരുതെന്ന ധനവകുപ്പിന്‍റെ നിർദേശം ലംഘിച്ചുകൊണ്ടാണ് സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതെന്ന വിവരം പുറത്ത്. എ ഐ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതകളാണ് പുറത്തുവരുന്നത്. കെൽട്രോൺ ഏത് കമ്പനിക്കാണ് പദ്ധതിയുടെ ഉപകരാർ നൽകിയതെന്ന വിവരം പോലും മന്ത്രിസഭയ്‌ക്ക് മുന്നിൽ സമർപ്പിച്ച കുറിപ്പിലും രഹസ്യമാക്കിവച്ചു.
235 കോടിയുടെ പദ്ധതിയാണ് കെൽട്രോൺ ആദ്യം സമർപ്പിച്ചത്. എന്നാൽ പിന്നീട് ഇത് 232 കോടിയായി കുറയ്‌ക്കുകയായിരുന്നു. ധനവകുപ്പ് പദ്ധതിയുടെ എസ്റ്റിമേറ്റ് ആവശ്യപ്പെട്ട ശേഷമാണ് കെൽട്രോൺ നൽകിയത്. എ ഐ ക്യാമറ പദ്ധതിയുടെ പ്രൊജക്‌ട് മാനേജ്‌മെന്‍റ് കൺസള്‍ട്ടന്‍റായി (പിഎംസി) കെൽട്രോൺ പ്രവർത്തിച്ചാൽ മതിയെന്നും ഉപകരണങ്ങൾ ഗതാഗത വകുപ്പിന് നേരിട്ട് വാങ്ങാവുന്നതാണെന്നുമായിരുന്നു ധനവകുപ്പിന്‍റെ നിർദേശം.
എന്നാൽ ഈ നിർദേശം അട്ടിമറിക്കാൻ ഫയൽ നേരിട്ട് മന്ത്രിസഭയിലെത്തിച്ച് 232 കോടിയുടെ എ ഐ ക്യാമറ പദ്ധതിക്ക് അന്തിമ അനുമതി ഗതാഗത വകുപ്പ് നേടുകയായിരുന്നു. ഉപകരണങ്ങൾ വാങ്ങാനും മന്ത്രിസഭ കെൽട്രോണിന് അനുമതി നൽകി. എന്നാൽ കൺസള്‍ട്ടന്‍റ് തന്നെ ഉപകരണങ്ങൾ വാങ്ങിയാൽ വൻ അഴിമതിക്ക് കാരണമാകുമെന്നതുകൊണ്ട് ധനവകുപ്പ് ഇത് എതിർത്തു.
ആരോപണങ്ങൾക്ക് മറുപടി നൽകി കെൽട്രോൺ : എന്നാൽ ടെൻഡർ നടപടിക്രമങ്ങൾ പാലിച്ചാണ് ഉപകരണങ്ങൾ വാങ്ങിയതെന്നാണ് കെൽട്രോണിന്‍റെ വാദം. എ ഐ ക്യാമറ തങ്ങളുടെ സ്വന്തം പദ്ധതിയാണെന്ന അവകാശവാദം ഉന്നയിച്ച കെൽട്രോൺ, പിന്നീട് തങ്ങൾ ചട്ടപ്രകാരം കരാർ നൽകിയിട്ടുണ്ടെന്ന് സമ്മതിച്ചു. എസ്‌ആർഐടി എന്ന കമ്പനി മറ്റ് സ്വകാര്യ കമ്പനികൾക്ക് ഉപകരാർ നൽകിയിട്ടുണ്ടെങ്കിൽ അതിൽ തങ്ങൾക്ക് ബാധ്യത ഇല്ലെന്ന നിലപാടിലാണ് കെൽട്രോൺ.
അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി കെൽട്രോൺ എം ഡി നാരായണ മൂർത്തിയും രംഗത്തെത്തി. 235 കോടി രൂപയായിരുന്നു പദ്ധതിക്കാവശ്യമായ തുക. എന്നാൽ ചർച്ചകൾക്കൊടുവിലാണ് ഇത് 232 കോടി രൂപയാക്കിയത്. എസ്‌ആർഐടി (SRIT) എന്ന കമ്പനിക്ക് ഉപകരാർ നൽകിയത് 151 കോടി രൂപയ്‌ക്കാണ്. ഒരു എ ഐ ക്യാമറയ്‌ക്ക് 35 ലക്ഷം രൂപയെന്ന പ്രചരണം തെറ്റാണ്.
എസ്‌ആർഐടിയുടേത് മികച്ച പ്രവർത്തനം: 9.5 ലക്ഷം രൂപയാണ് ഒരു എ ഐ ക്യാമറയുടെ വില. ക്യാമറകൾക്കായി 74 കോടി രൂപയാണ് ചെലവാക്കിയത്. ബാക്കി തുക സാങ്കേതിക സംവിധാനം, സെർവർ റൂം എന്നിവയ്‌ക്കായാണ് വിനിയോഗിച്ചത്. ഉപകരാർ നൽകിയ എസ്‌ആർഐടി എന്ന കമ്പനി മികച്ച പ്രവർത്തനമാണ് കാഴ്‌ചവച്ചതെന്നും കെൽട്രോൺ എംഡി നാരായണ മൂർത്തി വ്യക്തമാക്കി.
വിവാദങ്ങൾ ശക്തമായതോടെ വിശദീകരണവുമായി എസ്‌ആർഐടി എംഡി മധു നമ്പ്യാരും രംഗത്തെത്തി. കെൽട്രോൺ രാജ്യവ്യാപകമായി പ്രസിദ്ധീകരിച്ച ടെൻഡറിന്‍റെ അടിസ്ഥാനത്തിലാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്ന് എസ്‌ആർഐടി എംഡി മധു നമ്പ്യാർ പറഞ്ഞു. ഇതിൽ ഒരു രാഷ്‌ട്രീയ ഇടപെടലും നടന്നിട്ടില്ല. 128 കോടി രൂപയും ജി.എസ്.ടി.യുമുൾപ്പടെയാണ് കരാർ തുക.
ടെൻഡർ ലഭിച്ചത് ന്യായമായ രീതിയിൽ : ടെൻഡറിൽ നാല് പേർ പങ്കെടുത്തു. 20 തവണയായി ഇത് നൽകുമെന്നാണ് കരാർ. ഊരാളുങ്കലുമായി 2016ൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാല് പേർ ടെൻഡറിൽ പങ്കെടുത്തതിൽ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയതുകൊണ്ടാണ് എസ്‌ആർഐടിക്ക് കരാർ ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്ത് ഏറെ കാലമായി പ്രവർത്തിക്കുന്ന കമ്പനിയാണിത്.
കരാർ ലഭിച്ച ശേഷം തങ്ങളെ രണ്ട് കമ്പനികൾ ബന്ധപ്പെടുകയായിരുന്നു. ലൈറ്റ് മാസ്റ്റർ എന്ന കമ്പനിക്കാണ് ഇലക്‌ട്രോണിക്‌സ് മുഴുവൻ നൽകിയത്. സിവിൽ വർക്കുകൾ പ്രസാദിയോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകാമെന്നും ഉറപ്പ് നൽകി. ഇരു കമ്പനികളും ഫണ്ട് ചെയ്യാമെന്നും പറഞ്ഞു.
ഒന്നര മാസം കാത്തിട്ടും പ്രവർത്തനങ്ങൾ വൈകി. ഈ സാഹചര്യത്തിൽ ഇ-സെൻട്രിക് ഡിജിറ്റൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇപ്പോൾ ഫണ്ട് ചെയ്യുന്നതെന്നും എസ്‌ആർഐടി എംഡി വ്യക്തമാക്കി.