തിരുവനന്തപുരം : എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് സേഫ് കേരള പ്രൊജക്‌ടില്‍ ലാപ്‌ടോപ് വാങ്ങിയതിലും അഴിമതിയെന്ന് രമേശ് ചെന്നിത്തല. വിപണി വിലയേക്കാള്‍ മൂന്നിരട്ടി തുകയ്ക്കാണ് ലാപ്‌ടോപ് വാങ്ങിയിരിക്കുന്നത്. കരാറില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള ലാപ്‌ടോപ് വാങ്ങുന്നതിന് 57,000 രൂപ മാത്രമാണ് വിലവരുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
നിലവില്‍, ലാപ്‌ടോപ് വാങ്ങിയിരിക്കുന്നത് 1,48,000 രൂപയ്ക്കാണ്. ഇത്തരത്തില്‍ 358 ലാപ്‌ടോപ്പുകളാണ് വാങ്ങിയിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് അധികമായി ചെലവഴിച്ചിരിക്കുന്നത്. എസ്‌ആര്‍ഐടി എന്ന കമ്പനിയാണ് ഈ അഴിമതിക്ക് പിന്നിലുള്ളത്. ഇത്തരത്തില്‍ തീവെട്ടിക്കൊള്ളയാണ് പദ്ധതിയില്‍ നടന്നത്. തീവെട്ടിക്കൊള്ള നടന്നതിനാലാണ് പദ്ധതി കരാര്‍ 357 കോടിയിലേക്ക് എത്തിയിരിക്കുന്നത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. പദ്ധതിക്കെതിരായല്ല അതിന്‍റെ പേരില്‍ നടക്കുന്ന അഴിമതിക്കെതിരായാണ് പോരാട്ടം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ആരോപണ പ്രത്യാരോപണങ്ങളില്‍ 'എഐ പദ്ധതി': ഗതാഗത നിയമന ലംഘനം നടത്തുന്നത് തടയാനാണ് സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ചത്. സേഫ് കേരള എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് 232 കോടിയാണ് കരാര്‍. കെല്‍ട്രോണിന് ലഭിച്ച ഈ കരാര്‍ എസ്‌ആര്‍ഐടി എന്ന കമ്പനിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു. പദ്ധതിയുടെ പേരില്‍ കോടികളുടെ അഴിമതി നടക്കുകയാണെന്ന് പ്രതിപക്ഷം നേരത്തേതന്നെ ആരോപിച്ചിരുന്നു. എന്നാല്‍, ഇത് പൂര്‍ണമായും തള്ളുകയാണ് സര്‍ക്കാര്‍ ചെയ്‌തത്. പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുകയുമുണ്ടായി.
ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇതുപ്രകാരം പിഴ നോട്ടിസ് അയയ്ക്കുകയും ചെയ്‌തിട്ടുണ്ട്. പദ്ധതിയില്‍ അഴിമതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഹൈക്കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. ഈ കേസില്‍ കരാര്‍ കമ്പനികള്‍ക്ക് പണം നല്‍കുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് പുതിയ അഴിമതി ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിയില്‍ ഒരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്ന നിലപാടാണ് ഗതാഗത മന്ത്രി ആന്‍റണി രാജു സ്വീകരിച്ചിരിക്കുന്നത്.
കരാര്‍ കമ്പനിക്ക് പണം കൈമാറരുതെന്ന് ഹൈക്കോടതി പറഞ്ഞത് തിരിച്ചടിയായി കാണാനാകില്ല. 11 തവണകളായി പണം നല്‍കുമെന്നാണ് കരാറില്‍ പറഞ്ഞിട്ടുള്ളത്. വിശദമായ കരാര്‍ ഉണ്ടാക്കിയ ശേഷമേ പണം കൈമാറുകയുള്ളൂവെന്നാണ് മന്ത്രിസഭാ തീരുമാനമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കിയിരുന്നു.
'അനുമതി ഇല്ലാതെ പണം നൽകരുത്'; സര്‍ക്കാരിനോട് ഹൈക്കോടതി : എഐ ക്യാമറ പദ്ധതിയിൽ സർക്കാരിന് തിരിച്ചടിയായി മാറിയിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്. കോടതിയുടെ അനുമതി ഇല്ലാതെ ബന്ധപ്പെട്ട കമ്പനികൾക്ക് പണം നൽകരുത് എന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പരിശോധിക്കണം. ഖജനാവിന് നഷ്‌ടമുണ്ടായിട്ടുണ്ടോ, അധിക സാമ്പത്തിക ബാധ്യതയുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
എഐ ക്യാമറ അഴിമതിയിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് വിഡി സതീശനും, രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്‌പര്യ ഹർജിയിലാണ് കോടതി നടപടി. ഹർജിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയ കോടതി, സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടിസ് അയച്ചിരുന്നു.