തിരുവനന്തപുരം: മൊറട്ടോറിയത്തിന്‍റെ ആനുകൂല്യം ലഭിക്കുന്നതിനായി എല്ലാ കര്‍ഷകരും അവരുടെ വായ്പകള്‍ നവംബര്‍ ഇരുപത്തിയഞ്ചിന് മുമ്പ് പുനഃക്രമീകരിക്കണമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. ഇല്ലെങ്കില്‍ വായ്‌പകള്‍ കിട്ടാക്കടമായി പരിഗണിക്കുകയും ബാങ്കുകള്‍ നടപടി എടുക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വായ്‌പാ പുനഃക്രമീകരണത്തിനായി കര്‍ഷകരെ സഹായിക്കാന്‍ എല്ലാ കൃഷി ഭവനുകളിലും ബാങ്കുകളുടെ സഹകരണത്തോടെ പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ പ്രളയകാലത്ത് വായ്‌പ പുനഃക്രമീകരണം നടത്താത്തവര്‍ക്ക് ഇനി അതിന് സാധിക്കില്ല. സംസ്ഥാനത്തെ പ്രളയ ബാധിതമായ 1038 വില്ലേജുകളിലെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് തീരുമാനമായത്. ഓഗസ്റ്റ് 23 മുതല്‍ ഒരു വര്‍ഷമാണ് മൊറട്ടോറിയം കാലാവധി.