തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാൻഡ് തീരുമാനത്തോട് പൂർണ യോജിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും. കോൺഗ്രസിലും യുഡിഎഫിലും അഭിപ്രായവ്യത്യാസം ഉണ്ടാവില്ല. ഉമ്മൻചാണ്ടിയും താനും മുല്ലപ്പള്ളിയും ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ അകത്തും പുറത്തും ചെയ്‌തു. ആരൊക്കെ മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണ്. ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ഒരു സംസ്ഥാനത്തും കോൺഗ്രസ് പ്രചാരണം നടത്താറില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും എന്ന് ആരും മനക്കോട്ട കെട്ടണ്ട എന്നും രമേശ് ചെന്നിത്തല പറഞ്ഞു.