തിരുവനന്തപുരം: അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെത്തി. ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹവാന ഡെപ്യൂട്ടി ഗവര്‍ണര്‍, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെയും സംംഘത്തെയും സ്വീകരിച്ചു. ഇന്നും നാളെയും ഹവാനയിലെ വിവിധ പരിപാടകിളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
സ്വീകരണവുമായി ക്യൂബ: ക്യൂബ സന്ദര്‍ശനത്തിന്‍റെ ഭാഗമായി വിവിധ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജോസ് മാര്‍ട്ടി ചരിത്ര സ്‌മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.
മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വീണ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി.കെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയി, സംസ്ഥാന സര്‍ക്കാരിന്‍റെ ന്യൂഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍ എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും.
കായിക മേഖലയ്‌ക്ക് ക്യൂബന്‍ സഹകരണം: കേരളത്തിലെ കായിക മേഖലയുടെ വളര്‍ച്ചയ്‌ക്ക് അന്താരാഷ്ട്ര കായിക രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായ സഹകരണങ്ങള്‍ ലഭിക്കും. ക്യൂബയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് റിക്രിയേഷന്‍റെ വൈസ് പ്രസിഡന്‍റ് റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്‌ച യിലാണ് സഹകരണത്തിന് ധാരണയായത്. വോളിബോള്‍, ജൂഡോ, ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനങ്ങള്‍ എന്നിവയില്‍ കേരളത്തിലെ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ക്യൂബയില്‍ നിന്നുള്ള പരിശീലകരെ കൊണ്ടു വരുന്നതിനാവശ്യമായ തീരുമാനങ്ങള്‍ എത്രയും പെട്ടെന്നു കൈക്കൊള്ളാനും ധാരണയായി.
കൂടിക്കാഴ്‌ചയില്‍ മറ്റെന്തെല്ലാം: കേരളവും ക്യൂബയും തമ്മില്‍ ഓണ്‍ലൈന്‍ ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയും ആരാഞ്ഞു. ക്യൂബയിലേക്ക് കേരളത്തിലെ കായിക താരങ്ങളെ പരിശീലനത്തിന് അയയ്ക്കുന്നതിനുള്ള താത്പര്യം അറിയിച്ചു. കേരളത്തിന്‍റെയും ക്യൂബയുടെയും കായിക മേഖലകളുടെ വികാസത്തിനായി സഹകരിക്കുന്നതിനുള്ള ക്യൂബയുടെ സന്നദ്ധത റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോ മുഖ്യമന്ത്രിയെ അറിയിച്ചു. എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തു.
മുഖ്യമന്ത്രിയുടെ യുഎസ് പര്യടനം: ജൂണ്‍ ഒമ്പതിനാണ് അമേരിക്ക ക്യൂബ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌പീക്കറും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് 10 ന് വാഷിങ്‌ടണിലെ ടൈം സ്‌ക്വയറിലെ മാരിയോട്ട് മാര്‍ക്വിസില്‍ ലോക കേരള സഭ മേഖല സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു. സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി വി.പി ജോയി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അമേരിക്കയിലെ മലയാളി നിക്ഷേപകരുമായും ലോക ബാങ്ക് പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ചയും നടത്തിയിരുന്നു. അവിടെ നിന്നാണ് അദ്ദേഹം ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലേക്ക് തിരിച്ചത്.