തിരുവനന്തപുരം: അധ്യാപികയായ യുവതി നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. ക്രിമിനലുകള്‍ക്ക് ജെൻഡര്‍ വ്യത്യാസമില്ലെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും വാദിക്കുന്ന എല്‍ദോസ് പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നതെന്തും അനുസരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഒരേ കാര്യങ്ങള്‍ തന്നെ പത്തുതവണ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട് എം.എല്‍.എ.
എല്‍ദോസ് കുന്നപ്പിള്ളിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റ് രേഖപ്പെടുത്തുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് എം.എല്‍.എയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം: നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു.
അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല.
സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദി.