തിരുവനന്തപുരം : മുതിര്‍ന്ന അഭിഭാഷകനും സംസ്ഥാന വിജിലന്‍സ് മുന്‍ ട്രിബ്യൂണലുമായ ചെറുന്നിയൂര്‍ ശശിധരന്‍നായര്‍(84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചിക്തിസയിലിരിക്കെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം ശാന്തി കവാടത്തില്‍.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ ശശിധരന്‍നായര്‍ ചെറുന്നിയൂര്‍ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം, ശിവഗിരി സ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കൊല്ലം ഫാത്തിമ മാതാ കോളജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളജ്, തിരുവനന്തപുരം ലോ അക്കാഡമി എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി.
1966ല്‍ കേരള നിയമസഭ മുന്‍ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍, പിരപ്പന്‍കോട് ശ്രീധരന്‍ നായര്‍ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരം ബാറില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1970ല്‍ വഞ്ചിയൂരില്‍ ചെറുന്നിയൂര്‍ ലോ ചേംബര്‍ സ്ഥാപിച്ച് സ്വതന്ത്ര അഭിഭാഷകനായി. സംസ്ഥാന വിജിലന്‍സ് കമ്മിഷണര്‍, കാര്‍ഷികാദായ വില്‍പന നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍, അഴിമതി നിരോധന കമ്മിഷന്‍ സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.
വി.എസ്.അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ നിയമപോരാട്ടങ്ങളില്‍ അദ്ദേഹത്തിന്‍റെ അഭിഭാഷകനായിരുന്നു. സംസ്ഥാനത്തെ പ്രമുഖരായ പല അഭിഭാഷകരും അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാരാണ്. ഭാര്യ പരേതയായ സീത ദേവി, മക്കള്‍ : ബിന്ദു സുരേഷ്, ചെറുന്നിയൂര്‍ എസ് ഉണ്ണികൃഷ്ണന്‍(വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍). ചെറുന്നിയൂര്‍ ശശിധരന്‍നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി.രാജേഷ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.