തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ (Adoption row) അനുപമയുടെ പിതാവ് ജയചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്‌ച പരിഗണിക്കും. പേരൂർക്കട പൊലീസ് കേസ് റിപ്പോർട്ട് കോടതിൽ ഹാജരാക്കിയിട്ടുണ്ട്. തിരുവനന്തപുരം അഡീ.സെഷൻസ് കോടതിയാണ് (Thiruvananthapuram Additional Sessions Court) മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുക.
കേസിലെ ഒന്നാം പ്രതിയാണ് ജയചന്ദ്രന്‍. നേരത്തെ കേസിലെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അമ്മ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് അനുപമ പേരൂർക്കട പൊലീസില്‍ നൽകിയ പരാതി.ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയചന്ദ്രൻ അടക്കം ആറ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
ഇതിനിടെ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിയിക്കുന്ന ഡി.എൻ.എ പരിശോധനാഫലം പുറത്തുവന്നിട്ടുണ്ട്. ഇതേ തുടർന്ന് കുഞ്ഞിനെ അനുപമയ്‌ക്ക് നൽകാനുള്ള നിയമ നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്വീകരിച്ചുതുടങ്ങി. ആന്ധ്രയിൽ നിന്നും തിരികെയെത്തിച്ച കുഞ്ഞ് ഇപ്പോൾ നാലാഞ്ചിറയിലുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലാണ്.