തിരുവനന്തപുരം : കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍, ദളിത് വിഭാഗത്തില്‍ നിന്നുള്ള ആരും ക്ലീനിങ് ജോലിയിലില്ലെന്ന് അടൂര്‍ ഗോപാലകൃഷ്‌ണന്‍. ജാതി വിവേചനമടക്കം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കെ ആര്‍ നാരായണന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജി പ്രഖ്യാപിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം.
ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞാണ് അടൂര്‍ രാജി വിവരം അറിയിച്ചത്. 'ശങ്കര്‍ മോഹനെ പോലൊരു വ്യക്തിയെ ക്ഷണിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല' - അടൂര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ക്കെതിരെ അന്വേഷണം ആവശ്യമാണ് : വിദ്യാര്‍ഥികളില്‍ ഒരു വിഭാഗം ഒരു മുന്നറിയിപ്പുമില്ലാതെ അനാവശ്യ സമരമാണ് നടത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരെ അന്വേഷണം വേണം. മാധ്യമങ്ങളടക്കം വിദ്യാര്‍ഥികള്‍ പറയുന്നത് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ആടിനെ പേപ്പട്ടിയാക്കുന്ന രീതിയിലാണ് മാധ്യമങ്ങള്‍ വിഷയത്തെ സമീപിച്ചതെന്നും അടൂര്‍ ആരോപിച്ചു. ജീവനക്കാരെ ജാതീയമായി അധിക്ഷേപിച്ചുവെന്ന് പറയുന്നത് ശരിയല്ല. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആരും ക്ലീനിങ് ജോലിയിലില്ല.
ഡയറക്‌ടറുടെ വീട്ടിലെ ശുചിമുറിയടക്കം കഴുകിച്ചുവെന്ന ആരോപണവും തെറ്റാണ്. സത്യാവസ്ഥ അന്വേഷിക്കാതെയാണ് എല്ലാ കോലാഹലങ്ങളും നടന്നത്. ഇത്തരമൊരു സ്ഥാപനത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും അടൂര്‍ പറഞ്ഞു.
കമ്മിഷന്‍ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറല്ല : ശങ്കര്‍ മോഹനെയും തന്നെയും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍ക്കാര്‍ തലത്തിലടക്കം നിയോഗിച്ച കമ്മിഷന്‍ തങ്ങളുടെ വശം പരിശോധിക്കാനോ തങ്ങളുടെ ഭാഗം കേള്‍ക്കാനോ തയാറായില്ല. സോഷ്യല്‍ മീഡിയയിലെ പ്രചരണമടക്കം വിശ്വാസത്തിലെടുത്താണ് കമ്മിഷന്‍ മുന്നോട്ട് പോകുന്നതെന്നാണ് അറിയുന്നത്.
ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന ഉറച്ച തീരുമാനത്തിന്‍റെ ഭാഗമായാണ് രാജിയെന്നും അടൂര്‍ വ്യക്തമാക്കി. രാജി നല്‍കിയപ്പോള്‍ മുഖ്യമന്ത്രി നിര്‍ബന്ധമാണോ എന്ന് ചോദിച്ചെന്നും പരാതികളെല്ലാം അദ്ദേഹം ശ്രദ്ധയോടെ കേട്ടെന്നും അടൂര്‍ പറഞ്ഞു. കാലാവധി തീരും മുന്‍പ് രാജിവയ്ക്കുന്നതില്‍ മനപ്രയാസമില്ലെന്നും നാശത്തിലേക്ക് പോകുന്ന സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ ആയിരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്‍റെയും ശങ്കര്‍ മോഹന്‍റെയും പേരുകള്‍ വെച്ചാണ് കഴിഞ്ഞ തവണ അഡ്‌മിഷന്‍ വിളിച്ചത്. അവരുടെ ഭാവി എന്താകുമെന്ന് ഓര്‍ത്ത് സങ്കടമുണ്ട്. ശങ്കര്‍ മോഹനെ മൊഴിയെടുക്കാന്‍ വിളിച്ചതിനുശേഷം സംസാരിക്കാന്‍ അനുവദിക്കാത്തതാണ് പത്രങ്ങളില്‍, സഹകരിക്കുന്നില്ല എന്ന രീതിയില്‍ വാര്‍ത്ത വന്നത് - അടൂര്‍ വിശദീകരിച്ചു.
ട്രെയിനിങ് കിട്ടി മൊഴി പറയുന്നു : ശുചീകരണ തൊഴിലാളികളില്‍ ആരുംതന്നെ പട്ടികജാതിയില്‍പ്പെടുന്നവരല്ല. ശുചീകരണ തൊഴിലാളികള്‍ പറയുന്നതില്‍ അര്‍ഥമില്ല. ഞാന്‍ പറഞ്ഞിട്ടാണ് ശങ്കര്‍ മോഹന്‍റെ അടുത്ത് തൊഴിലിനുപോയതെന്നാണ് അവര്‍ പറയുന്നത്. അവര്‍ക്ക് മൊഴി നല്‍കാന്‍ ട്രെയിനിങ് കിട്ടിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികളെ ഞാനിതുവരെ കണ്ടിട്ടുപോലുമില്ല.
ഗേറ്റ് കാവല്‍ക്കാരന് സമരാസൂത്രണത്തില്‍ പങ്കുണ്ട്. ക്യാമ്പസില്‍ മദ്യം എത്തിച്ചുകൊണ്ടിരുന്ന അയാളെ സ്ഥലം മാറ്റിയതിനാല്‍ തൊഴിലാളികളെ കൊണ്ട് കള്ളങ്ങള്‍ പറയിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് തകര്‍ക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് സമരസമിതി നീങ്ങിയത്.
പ്രശ്‌നങ്ങളില്‍ ഉന്നതതല അന്വേഷണം വേണം: അവിടെ അച്ചടക്കം കൊണ്ടുവന്നത് അദ്ദേഹമാണ്. ശങ്കര്‍ മോഹന്‍ ചാര്‍ജ് എടുക്കുന്നതിന് മുന്‍പ് അധ്യാപകര്‍ പല സമയങ്ങളില്‍ ആയിരുന്നു ജോലിക്കായി വന്നിരുന്നത്. വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ ഗ്രൗണ്ടുകള്‍, ഹോസ്റ്റലുകളില്‍ ടെലിവിഷന്‍ സെന്‍ററുകള്‍ തുടങ്ങിയ വികസന കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ഭൂരിപക്ഷം പറയുന്നത് ഒന്നാണെന്ന് കരുതി അത് സത്യമാവണമെന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചില്ലെങ്കിലും ഫലം ഉണ്ടായിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നം അറിയാന്‍ ഉന്നത പൊലീസുകാരെ വച്ച് അന്വേഷണം നടത്തണമെന്നും അടൂര്‍ ആവശ്യപ്പെട്ടു.
ആഷിഖ് അബുവിനെ പോലെയുള്ള സംവിധായകര്‍ കാര്യങ്ങള്‍ പഠിക്കാതെയാണ് വിമര്‍ശിച്ചത്. അന്വേഷണ കമ്മിറ്റി, മന്ത്രിയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പറയപ്പെടുന്നു. എന്നാല്‍, ഈ കേസില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ള ശങ്കര്‍ മോഹനെയോ എന്നെയോ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പിആര്‍ഒ ,അധ്യാപകരില്‍ രണ്ടുപേര്‍ ,ഒരു ഡെമോണ്‍സ്‌ട്രേറ്റര്‍, ഒരു ക്ലര്‍ക്ക്, ഒരു സ്റ്റോര്‍ കീപ്പര്‍, ഇവരാണ് സമരത്തിന്‍റെ അണിയറയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് - അടൂര്‍ പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആരോപണങ്ങള്‍ കള്ളമാണെന്ന് പറഞ്ഞ് ഡീന്‍ അടക്കം ചില അധ്യാപകര്‍ രാജിവച്ചതിന് പിന്നാലെയാണ് അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ സ്ഥാനമൊഴിയല്‍. കാലാവധി തീരാന്‍ രണ്ടുമാസം കൂടിയുള്ളപ്പോഴാണ് രാജി.