തിരുവനന്തപുരം: ഓഖിയിൽ നിന്ന് പാഠം ഉൾകൊണ്ട് അതിജീവന പോരാട്ടം നടത്തുകയാണ് അടിമലത്തുറ ഗ്രാമം. കാലാവസ്ഥ മുന്‍കരുതലുകള്‍ മത്സ്യതൊഴിലാളികളെ അറിയിക്കാനായി സ്ഥിരം സംവിധാനമൊരുക്കിയിരിക്കുകയാണ് ഗ്രാമവാസികള്‍. ഓഖി കാലത്ത് കാലാവസ്ഥ മുൻകരുതൽ നിർദേശങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മത്സ്യത്തൊഴിലാളികളിൽ കൃത്യമായി എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് വലിയ ദുരന്തമാണ് ഗ്രാമത്തിന് വരുത്തിവച്ചത്. ഓഖി ചുഴലിക്കാറ്റിൽ അടിമലത്തുറ ഗ്രാമത്തിന് നഷ്ടപ്പെട്ടത് 11 ജീവനുകളാണ്. മോശം കാലാവസ്ഥ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നുവെങ്കിൽ പലരുടേയും ജീവൻ രക്ഷിക്കാമായിരുന്നു. ഈ തിരിച്ചറിവിലാണ് കാലാവസ്ഥാ സംബന്ധിച്ച് മുൻകരുതലുകൾ നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം എന്ന തീരുമാനത്തിലേക്ക് അടിമലത്തുറ ഗ്രാമം എത്തിയത്.
തീരദേശത്തെ പ്രധാന റോഡിലും ബീച്ച് റോഡുകളിലും എല്ലാം ഉച്ചഭാഷിണികൾ സ്ഥാപിച്ചു. ഇതിലൂടെ കാലാവസ്ഥാ മുൻകരുതലുകൾക്കൊപ്പം മറ്റ് മുൻകരുതൽ നിർദ്ദേശങ്ങളും വേഗത്തിൽ മത്സ്യത്തൊഴിലാളികളിൽ എത്തിക്കാനാകും. കൊവിഡ് കാലത്തെ ജാഗ്രതാ നിർദേശങ്ങളും ഇപ്പോൾ ഈ സംവിധാനത്തിലൂടെ അറിയിക്കുന്നുണ്ട്. അടിമലത്തുറ ഇടവക വികാരി ഫാദർ മെൽബിൻ സൂസയുടെ മേൽനോട്ടത്തിൽ ഇടവക കൗൺസിലാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 10 ലക്ഷം ചെലവഴിച്ചാണ് സ്ഥിരം സംവിധാനം ഈ മത്സ്യബന്ധന ഗ്രാമത്തിൽ ഒരുക്കിയത്.